കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തി. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കാർ മാർഗം താമസസ്ഥലത്തെത്തേക്ക് പോകും. പതിനൊന്ന് മണിയോടെ കൽപറ്റ പുതിയ ബസ് സ്റ്റാന്റിലെത്തും. സോണിയ ഗാന്ധി റോഡ്ഷോയിൽ പങ്കെടുക്കില്ല. നിരവധി പേരാണ് രാഹുലിനെ വരവേൽക്കാൻ ഗ്രൗണ്ടിൽ തടിച്ചുകൂടിയത്.
പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധിയും ഖാർഗെയും ബത്തേരിയിലെത്തിയത്. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലനില്‍ക്കാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നുമാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്.
അതേസമയം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. വന്‍ ഒരുക്കങ്ങളാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയിരിക്കുന്നത്.