തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്ത് പൊലീസ്. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വട്ടിയൂര്‍കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊളളലേല്‍പ്പിച്ചത്. ഈ മാസം 24നായിരുന്നു സംഭവം. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത്ത് പറഞ്ഞു.
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്താണ് ഉത്തമന്‍ ചൂടുചായ ഒഴിച്ചത്. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം കണ്ടാണ് വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും അമ്മയും കുട്ടിയെ കുടപ്പനക്കുന്നില്‍ താമസിക്കുന്ന മുത്തച്ഛന്റെയും അമ്മൂമ്മയുടേയും അടുക്കലാക്കി ജോലിക്ക് ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞേ ഇരുവരും മടങ്ങി വരൂ. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിത്.