തിയേറ്ററില്‍ മികച്ച നേട്ടം കൊയ്ത മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’. പ്രായത്തെ ഭേദിക്കുന്ന മമ്മൂട്ടിയുടെ മാസ് ഫൈറ്റ് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്തിയത്. തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രം ഉടൻ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
വൈശാഖ് സംവിധാനം ചെയ്ത ചിത്രം ജൂലൈ ആദ്യവാരം മുതൽ സോണി ലിവിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ സിനിമകളിൽ ഏറ്റവും വലിയ ഒടിടി ഡീലാണ് സിനിമയ്ക്ക് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഒടിടി റിലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്. സ്ക്രീൻ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.