Saturday, July 27, 2024
spot_img
HomeThrissur Newsപാവറട്ടിയിൽ വെള്ളം കയറിയത് നൂറിലധികം കടകളിൽ
spot_img

പാവറട്ടിയിൽ വെള്ളം കയറിയത് നൂറിലധികം കടകളിൽ

പാവറട്ടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പാവറട്ടി സെന്ററിൽ വെള്ളം കയറിയതു നൂറിലധികം കടകളിൽ. സാൻ ജോസ് ആശുപത്രി മുതൽ പാലുവായ് റോഡ് ജംക്‌ഷൻ വരെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കോൺവന്റ് റോഡിലും ചിറ്റാട്ടുകര റോഡിലെയും ഫാത്തിമ കോംപ്ലക്സിലെയും മുഴുവൻ കടകളിലും വെള്ളം കയറി. ബേക്കറി, ബെഡ് സെന്റർ‌, മെഡിക്കൽ ഷോപ്പ്, പച്ചക്കറിക്കട, ചെരുപ്പു കട, തുണിക്കട എന്നിവയ്ക്കു വലിയ നഷ്ടമാണ് ഉണ്ടായത്.

ചില കടകളിൽ താഴെ വച്ചിരുന്ന ഇൻവെർട്ടർ, യുപിഎസ്, കംപ്യൂട്ടർ സിസ്റ്റം എന്നിവയും വെള്ളം കയറി നശിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണു പല കടകളിൽ നിന്നും വെള്ളം ഒഴിവാക്കാനായത്. രൂക്ഷമായ ഗതാഗത കുരുക്കും ഉണ്ടായി. പാവറട്ടി സെന്ററിൽ വികസനത്തിന്റെ പേരിൽ ഈയിടെ നടത്തിയ പ്രവൃത്തികളിലെ അശാസ്ത്രീയതയാണു വെള്ളം കടകളിലേക്ക് ഇരച്ചെത്താൻ കാരണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസി‍ഡന്റ് എ.ജെ.വർഗീസ് പറഞ്ഞു.

തുടക്കം മുതൽ തന്നെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒന്നും ചെവിക്കൊള്ളാൻ മരാമത്തു വകുപ്പ് ഉദ്യോഗസ്ഥരോ, പഞ്ചായത്ത് അധികൃതരോ, കരാറുകാരോ തയാറായില്ലെന്നും വ്യാപാരികളും നാട്ടുകാരും പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തി 2.76 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടത്തിയത്. റോഡിന്റെ ഇരുവശത്തും പുതിയ കാനകളും 3 കലുങ്കുകളും നിർമിച്ചിട്ടും 2018ലെ പ്രളയത്തിൽ പോലും ഉണ്ടാകാത്ത വെള്ളക്കെട്ടാണു കഴിഞ്ഞ ദിവസം ഉണ്ടായത്.

സെന്ററിലെ വെള്ളം ചെമ്പ്രം തോടു വഴി പുഴയിലേക്ക് ഒഴുകി പോകേണ്ട സ്ഥലങ്ങളെല്ലാം ഇടുങ്ങിയതും തടസ്സങ്ങൾ നിറഞ്ഞതുമാണ്. ഇതു ശരിയാക്കാത്താതും ബദൽ സംവിധാനം കാണാത്തതുമാണു പ്രധാനമായും വെള്ളക്കെട്ടിനു കാരണം. മഴ ഇനിയും ശക്തി പ്രാപിക്കാനിരിക്കെ അശാസ്ത്രീയതയും മറ്റു പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments