Saturday, July 27, 2024
spot_img
HomeEntertainmentഇഴഞ്ഞു നീങ്ങുന്ന മലയാളി ഫ്രം ഇന്ത്യ
spot_img

ഇഴഞ്ഞു നീങ്ങുന്ന മലയാളി ഫ്രം ഇന്ത്യ

ശാന്തിനി

മലയാളി എന്ന സ്വത്വവും യൂണിവേഴ്സൽ ബ്രദർഹുഡ് എന്ന സങ്കല്പവുമൊക്കെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രധാന പ്രമേയങ്ങൾ.ഇൻസ്റ്റഗ്രാം റീലുകളിൽ പോലും ഇപ്പോൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഉപരിപ്ലവമായ സാമൂഹ്യ വിമർശനങ്ങൾ നിറഞ്ഞ രണ്ടര മണിക്കൂറാണ് ‘മലയാളി ഫ്രം ഇന്ത്യ.’ അത്തരം പ്രസംഗങ്ങൾ, പഠിപ്പിക്കലുകൾ ഒക്കെ നിങ്ങൾക്ക് നല്ല കാഴ്ചനുഭവമായിരിക്കുമെങ്കിൽ മാത്രം ‘മലയാളി ഫ്രം ഇന്ത്യ’ കാണുക.

.
സമകാലിക സമൂഹമാധ്യമ ചർച്ചകളിൽ നിരന്തരം കടന്നു വരുന്ന രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ഒരു പൊതു സ്വഭാവവും ഘടനയുമുണ്ട്. ആ സ്വഭാവത്തിലുള്ള ചർച്ചകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ ഇത് വരേ പുറത്തിറങ്ങിയ സിനിമകൾ. ‘മലയാളി ഫ്രം ഇന്ത്യയും’ അതേ പാത വ്യത്യസ്തമായ ഒരു കഥാപരിസരത്തിൽ നിന്നു കൊണ്ട് തുടരുന്നു. നിവിൻ പോളിയുടെ തിരിച്ചു വരവ്, നിവിൻ – ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു പരീക്ഷണം. മലയാള സിനിമ കാലാകാലങ്ങളായി പിന്തുടരുന്ന അലസരായ തൊഴിൽരഹിതരുടെ ജീവിതമെന്ന വിജയ ഫോർമുല എന്നിവക്കൊക്കെ അപ്പുറം ‘മലയാളി ഫ്രം ഇന്ത്യ’ പതിവ് ഡിജോ ജോസ് സിനിമയാണ്.

സിനിമ രാഷ്ട്രീയം പറയാമോ രാഷ്ട്രീയം എന്താണ് അത് തന്നെയാണോ രാഷ്ട്രീയ ശരി എന്നൊക്കെയുള്ള ചർച്ചകൾ ഇവിടെ സിനിമ കാണുന്ന ഒരു വിഭാഗത്തിനിടയിൽ സജീവമാണ്. ആ വിഭാഗത്തെ കൂടി മനസ്സിൽ കണ്ടാണ് ‘ക്വീൻ’ മുതലുള്ള ഡിജോ ജോസ് ആന്റണിയുടെ സിനിമകൾ പുറത്തിറങ്ങിയിട്ടുള്ളത്. ‘ക്വീനി’ലെയും ‘ജനഗണമ’നയിലെയും കോടതി രംഗങ്ങൾ ഇതിനുദാഹരമാണ്. വളരെ ബോൾഡ് ആയ ഫെമിനിസ്റ്റ് സ്റ്റേറ്റ്മെന്റ്സ് ഒക്കെ വച്ച് തുടങ്ങി പെൺകുട്ടിയുടെ സംരക്ഷണം ആണിന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞു അവസാനിപ്പിക്കുന്ന, റേസിസം പറഞ്ഞു തുടങ്ങി ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന വൈരുധ്യം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും കാണാം. ‘മലയാളി ഫ്രം ഇന്ത്യ’യും അത്തരം വൈരുധ്യങ്ങളുടെ ഒരു കൂമ്പാരമാണ്. .

ഇപ്പോൾ സിനിമയിൽ നിലനിൽക്കുന്ന സട്ടിലിറ്റിയിൽ നിന്ന് മാറി, വളരെ ഉറക്കെയാണ് ‘മലയാളി ഫ്രം ഇന്ത്യ’ സംസാരിക്കുന്നത്. പലയിടങ്ങളും സിനിമ എന്നത് മാറി പഠന ക്ലാസ്സിലിരിക്കുന്ന അനുഭവമാണ് തന്നത്. ഇന്ത്യ എന്താണ്, യഥാർത്ഥ ഹിന്ദു എന്താണ്, യഥാർത്ഥ മുസ്ലിം ആരാണ്, രാഷ്ട്രീയം എന്താണ്, ഏത് പുരുഷനാണ് വിജയിച്ച പെൺകുട്ടിക്ക് പുറകിൽ, തുടങ്ങി പല ക്ലാസുകൾ ഫോർത്ത് വാൾ ബ്രെക്കിങ്ങിലൂടെയും അല്ലാതെയും കാണികളിലേക്ക് എത്തിക്കാനുള്ള ശ്രമമായി അനുഭവപ്പെട്ടു.

കോവിഡ് കാലമൊക്കെ കഴിഞ്ഞു ‘മലയാളി ഫ്രം ഇന്ത്യ’യിൽ അഞ്ച് വർഷം കഴിഞ്ഞു. കോവിഡ്, സിനിമയുടെ പ്രധാന കഥാഗതിയുടെ ഒരു വഴിത്തിരിവാണ്. യൂണിവേഴ്സൽ ബ്രദർഹുഡ് എന്ന വിഷയത്തിലേക്ക് സിനിമ എത്തുന്നത് അങ്ങനെയാണ്. പക്ഷേ സിനിമയിലെ പഠന ക്ലാസുകൾ കഴിഞ്ഞ് അങ്ങോട്ടേത്താൻ ഒരുപാട് സമയമെടുത്തു. ഇത് പ്രേക്ഷകരും സിനിമയും തമ്മിലുള്ള ദൂരം കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്ന് തോന്നുന്നു. ഇഴച്ചിൽ എന്ന, സിനിമ കാണുന്നവർ പൊതുവെ ഉപയോഗിക്കുന്ന വാക്ക്, സിനിമ ആസ്വാദന/നിരൂപണ രീതിശാസ്ത്രത്തിന് അനുയോജ്യമല്ല. പക്ഷേ ആത്യന്തികമായി ഇഴഞ്ഞു നീങ്ങുന്ന ദേശിയോദ്ഗ്രഥന പ്രസംഗം പോലെയാണ് ഈ സിനിമ ആദ്യം മുതൽ അവസാനം വരെ തോന്നിയത്.

നിവിൻ പോളിയുടെ തിരിച്ചു വരവ് എന്ന നിലയിലാണ് ‘മലയാളി ഫ്രം ഇന്ത്യ’ ആദ്യമായി ചർച്ചയാവുന്നത്. അദ്ദേഹത്തിന്റെ ഫോർട്ടെ ആയ, അലസനും തൊഴിൽരഹിതനുമായ സ്ഥലത്തെ പ്രധാന ചെറുപ്പക്കാരന്റെ റോൾ നിവിൻ വളരെ അനായാസമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. എന്നാൽ പുതുതായി ഒന്നും അദ്ദേഹത്തിലെ നടന് ചെയ്യാനുണ്ടായിരുന്നില്ല.

ധ്യാൻ ശ്രീനിവാസന്റെ മൽഘോഷ് കാലാകാലങ്ങളായി മലയാള സിനിമയിൽ കണ്ട് വരുന്ന നായകന്റെ കൂട്ടുകാരന്റെ പ്രതിനിധിയാണ്. അനശ്വര രാജന്റെ കൃഷ്ണ ഇതിനോടകം തന്നെ ഹിറ്റ് ആയ ആ പാട്ടിലൊഴിച്ചു നിർത്തിയാൽ രണ്ടോ മൂന്നോ അപ്രധാന സീനുകളിൽ മാത്രമാണ് സ്ക്രീനിലെത്തുന്നത്.

മഞ്ജു പിള്ള, സലിം കുമാർ, ഷൈൻ ടോം ചാക്കോ എന്നിവർ പതിവ് കഥാപാത്രങ്ങളായപ്പോൾ സിനിമയിൽ വന്ന വിദേശ താരങ്ങൾ നല്ല പ്രകടനം കൊണ്ട് കാണികളേ രസിപ്പിച്ചു. തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്‌ ‘ക്വീനി’ലും ‘എല്ലാം ശരിയാവു’മിലും ‘ജനഗണമന’യിലും എഴുതാൻ ബാക്കി വച്ച കാര്യങ്ങൾ ‘മലയാളി ഫ്രം ഇന്ത്യ’യിൽ എഴുതിയത് പോലെ തോന്നി. ക്യാമറയും സംഗീതവും സിനിമയുടെ പതിഞ്ഞ താളത്തോട് ചേർന്ന് വന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments