Friday, October 18, 2024
HomeBREAKING NEWSസൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
spot_img

സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കൂടെ അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചതെന്ന് പോലുമറിയാതെ അഞ്ച് വയസുകാരിയായ മകള്‍ ആരാധ്യയും. കൊല്ലം സ്വദേശിയായ അനൂപ് മോഹന്‍ (37), ഭാര്യ രമ്യ മോള്‍ (28) എന്നിവരെയാണ് സൗദിയിലെ കൊബാറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 28നായിരുന്നു സംഭവം.

രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അനൂപിന് അതിന് സാധിച്ചില്ല. ആരാധ്യ പറഞ്ഞതനുസരിച്ച് സമീപവാസികള്‍ താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് അനൂപിനേയും രമ്യയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അനൂപിന്റെ മൃതദേഹം. രമ്യയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

അമ്മ മൂന്ന് നാല് ദിവസം കട്ടിലില്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് ആരാധ്യ സമീപവാസികളോട് പറഞ്ഞത്. എത്ര വിളിച്ചിട്ടും എണീറ്റില്ലെന്നും പിന്നെ താനും അമ്മയ്‌ക്കൊപ്പം കയറി കിടന്നുവെന്നും കുഞ്ഞ് പറഞ്ഞു. അച്ഛന്‍ മുഖത്ത് തലയിണ അമര്‍ത്തിയെന്നുള്ള കാര്യവും കുട്ടി പറഞ്ഞു. തനിക്ക് ശ്വാസം മുട്ടിയപ്പോള്‍ അച്ഛന്‍ പിടിവിട്ടു. പിന്നെ ബ്രഡ് തന്നു. ഫോണ്‍ കയ്യില്‍ തന്നിട്ട് കണ്ടിരുന്നോളാന്‍ പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ അച്ഛനെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്നും കുഞ്ഞ് ആരാധ്യ പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ആരാധ്യ ആദ്യം സൗദി പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ലോകകേരള സഭാംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ സനൂപിന്റെ പേരിലുണ്ടായിരുന്ന രണ്ട് സാമ്പത്തിക കേസുകള്‍ പിന്‍വലിപ്പിച്ചു. തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ഇതേ വിമാനത്തില്‍ നാസ് വക്കത്തിനൊപ്പം ആരാധ്യയും ഉണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തുഖ്ബ സനാഇയ്യയില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്. രമ്യയും ആരാധ്യയും വിസിറ്റിങ് വിസയിലായിരുന്നു സൗദിയില്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments