Friday, October 18, 2024
HomeBREAKING NEWSവിജയചിരിയിൽ വിനേഷ് ഫോഗട്ട്
spot_img

വിജയചിരിയിൽ വിനേഷ് ഫോഗട്ട്

രാഷ്ട്രീയ ഗോദയിൽ സുവർണ നേട്ടവുമായി വിനേഷ് ഫോഗട്ട്. ഒളിമ്പിക്സിൽ അയോഗ്യയായെങ്കിലും തിരഞ്ഞെടുപ്പിൽ സമ്പൂർണ യോഗ്യയായാണ് വിനേഷ് ഹരിയാന നിയമസഭയിലേക്ക് ഇനി നടന്ന് കയറുക. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയിൽ വിനേഷ് മലർത്തിയടിച്ചത്.

ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷിനൊപ്പം ഉറച്ച് നിന്നു. റെയിൽവേയിലെ ജോലി രാജിവച്ചാണ് വിനേഷ് രാഷ്ട്രീയ നേതാവിന്റെ കുപ്പായമിട്ടത്. ആ തീരുമാനം തെറ്റായില്ല. വിനേഷിന്റെ കൈ ജനം ചേർത്തുപിടിച്ചു. കർഷക പിന്തുണയും പാരിസ് ഒളിംപിക്സിൽ ഉണ്ടായ തിരിച്ചടിയും വിനേഷിന് തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമായി.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ട് കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളിൽ നേതൃനിരയിൽ നിന്ന് പോരാടിയ വിനേഷ് കേന്ദ്ര സർക്കാരിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു.

മാത്രമല്ല, ഡൽഹിയിലെ തെരുവിൽ വിനേഷടക്കുള്ള ഗുസ്തി താരങ്ങളെ വലിച്ചിഴയ്ക്കുന്നതും ലോകം കണ്ടതാണ്. ഒളിമ്പിക്സിൽ നിന്ന് അയോഗ്യയായതോടെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് പിന്നാലെ കോൺഗ്രസിൽ ചേരുകയും ഹരിയാനയിൽ നിന്ന് മത്സരിക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ചരൺ സിംഗിനെതിരായിരുന്നു ഗുസ്തിതാരങ്ങളുടെ പോരാട്ടം. വിനേഷിന്റെ പരാജയത്തെ രാജ്യം നോക്കിക്കണ്ടതും ഈ പശ്ചാത്തലത്തിലാണ്. അയോഗ്യയായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനേഷിന് ജനം വലിയ സ്വീകരണം നൽകി. ഹരിയാന ഇരു കൈയും നീട്ടി സ്വീകരിച്ചു. കണ്ണുനിറഞ്ഞാണ് അന്ന് വിനേഷ് ജനങ്ങൾക്ക് നേരെ കൈവീശിയത്.

ഒളിംപിക്സിൽ ഫോഗട്ട് വഞ്ചന കാണിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷൻ അന്ന് പ്രതികരിച്ചത്. എന്നാൽ ‘ബ്രിജ്ഭൂഷൺ അല്ലല്ലോ രാജ്യം, ഇവിടുത്തെ ജനങ്ങൾ എനിക്കൊപ്പമാണ്, അവരെന്റെ സ്വന്തമാണ്. ബ്രിജ്ഭൂഷൺ എന്നൊരാൾ ഉള്ളതായി പോലും ഞാൻ കണക്കാക്കുന്നില്ല’ എന്ന മറുപടിയോടെ വിനേഷ് ഫോഗട്ട് അതിനെ തള്ളി. വിനേഷിന്റെ വിശ്വാസം തെറ്റിയില്ല, ജനം വിനേഷിനെ ചേർത്തു നിർത്തി, രാഷ്ട്രീയത്തിൽ സ്വർണമെഡലും സമ്മാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments