തൃശൂർ : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നുജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. പീച്ചിയിൽ ജലനിരപ്പ് 77.52 മീറ്ററായതോടെ 4 ഷട്ടറുകൾ അരയിഞ്ചു വീതം ഉയർത്തി. വൃഷ്ടിപ്രദേശത്തെ മഴയുടെ അളവു കൂടുകയും ജാഗ്രതാ നിർദേശം എത്തുകയും ചെയ്‌തിരുന്നു.വാഴാനി ഡാമിൻ്റെയും ഷട്ടറുകൾ ഉയർത്തി. 4 ഷട്ടറുകൾ 4 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. വാഴാനിയുടെ പരമാവധി സംഭരണശേഷി 62.48 മീറ്ററാണ്.
ഇന്നലെ 60.27 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തി ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകൾ 2 സെന്റ്റീമീറ്റർ വീതം തുറക്കാൻ കലക്‌ടർ അനുമതി നൽകിയെങ്കിലും ഇതുവരെ തുറന്നിട്ടില്ല. മഴ കനക്കുകയാണെങ്കിൽ മാത്രമേ ഷട്ടർ തുറക്കേണ്ട സാഹചര്യമുള്ളു എന്ന് അധികൃതർ പറയുന്നു. ഡാമിൽ സംഭരണശേഷിയുടെ 82% വെള്ളമാണ് ഇപ്പോഴുള്ളത്. ഇന്നലെ 72.94 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തി. ഷോളയാർ ഡാമിൽ വെള്ളിയാഴ്‌ച തുറന്ന ഷട്ടർ ഇന്നലെ പുലർച്ചെ ഒന്നിന് അടച്ചു പെരിങ്ങൽക്കുത്ത് ഡാമിൽ 5 ഷട്ടറുകൾ ജൂലൈ 16 മുതൽ തുറന്നുവച്ച നിലയിലാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പ്രളയ സാധ്യത ഒഴിവാക്കാനുള്ള മുൻകരുതലാണിത്. 424 മീറ്റർ പരമാവധി ജലനിരപ്പു രേഖപ്പെടുത്താൻ കഴിയുന്ന ഡാമിൽ ഇന്നലത്തെ ജലനിരപ്പ് 420 മീറ്ററാണ്. പത്താഴക്കുണ്ട്, പൂമല ഡാമുകളിൽ ഷട്ടർ ഉയർത്തേണ്ട സാഹചര്യമായിട്ടില്ല. പറമ്പിക്കുളം ഡാമിന്റെ ഷട്ടർ ഇന്നു രാവിലെ 11നു തുറക്കും ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ തീരവാസികൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കരുവന്നൂർപ്പുഴയുടെ തീരവാസികൾക്കും ജാഗ്രതാ നിർദേശം നൽകി.