Friday, September 20, 2024
HomeBlogപവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് ശേഷവും ഇടപെടലുണ്ടായി
spot_img

പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് ശേഷവും ഇടപെടലുണ്ടായി

കൊച്ചി: മലയാള സിനിമാ രംഗത്തെ പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ നടന്‍ ദിലീപ്. ഈ മേഖലയിലെ കടിഞ്ഞാണ്‍ കൈക്കലാക്കിയ ദിലീപ് ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ പവർ ഗ്രൂപ്പുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. എഎംഎംഎ ഉല്‍പ്പെടെ തിയേറ്റര്‍ സംഘടനകള്‍ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു സിനിമയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ദിലീപിന്റെ കൂടെ ചേര്‍ന്ന് നിന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകന്‍ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ദിലീപാണ്. നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിര്‍ത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സമ്മര്‍ദം ചെലുത്തി. വിദേശത്ത് സിനിമ പുറത്തിറക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ദിലീപിന്റെ സമ്മര്‍ദത്തിലുണ്ടായിട്ടുണ്ട്.

വിനയന്റെ പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മുതല്‍ പൃഥ്വിരാജിനെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും ദിലീപാണ്. ദിലീപ് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ഭാവന നേരിട്ട് പരാതി നല്‍കിയെന്ന് ഇടവേള ബാബു പൊലീസിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചിട്ടും എഎംഎംഎ പരിഗണിച്ചില്ല. കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരെ പൂര്‍ണമായി മാറ്റിനിര്‍ത്തി. ഡബ്ല്യുസിസി അംഗങ്ങളെയടക്കം മാറ്റിനിര്‍ത്തി.

15 അംഗ പവര്‍ ഗ്രൂപ്പ് സിനിമാ മേഖലയിലുണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് . മലയാള സിനിമയില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പുണ്ടെന്നും അവര്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ‘സംവിധായകനെതിരെ പരാതി പറയാന്‍ പോലും സിനിമയില്‍ സ്ത്രീകള്‍ക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാല്‍ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക. എന്നാല്‍ പുരുഷ സൂപ്പര്‍സ്റ്റാറുകള്‍ക്കോ, സംവിധായകര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാല്‍ സിനിമയില്‍ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകള്‍ ഭയക്കുന്നുവെന്ന് മുതിര്‍ന്ന ഒരു നടിയുടെ മൊഴിയുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വ്യക്തിയെ മേഖലയില്‍ നിന്നും വിലക്കാന്‍ ഗുരുതരമായ കാരണങ്ങളൊന്നും ആവശ്യമില്ലായെന്നതാണ് വിചിത്രമായ കാര്യം. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും പവര്‍ഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍ത്താല്‍ അവര്‍ വിലക്ക് നേരിടും. പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാല്‍ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തില്‍ പവര്‍ഗ്രൂപ്പിലെ ആളുകള്‍ കൈകോര്‍ക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments