ഒക്ടോബർ ഒന്ന് മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും നിർമാതാക്കൾ കത്ത് അയച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവർ നിർമാണ കമ്പനിയുടെ ലെറ്റർ ഹെഡ്ഡിൽ കരാർ നൽകണം. ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല.ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയതായി അസോസിയേഷൻ അറിയിച്ചു. സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇടപെടില്ലെന്നും അറിയിച്ചിട്ടുണ്ട്.