തൊണ്ണൂറുകളുടെ തുടക്കത്തിൽ കോളിവൂഡിൽ പുതിയൊരു ട്രെൻഡ് വന്നു.
പ്രൊഡ്യൂസറിന്റെ ചിത്രവും സിനിമ പോസ്റ്ററിൽ സ്ഥാനം പിടിച്ച അത് വരെ കാണാത്തൊരു ട്രെൻഡ്. മറ്റാരുടെയുമല്ല; “ജെനിറ്റിൽമാന്റെ” ഗംഭീര വിജയത്തിന് ശേഷം കൊമ്പൻ മീശയും , തൂവെള്ള വസ്ത്രവും അണിഞ് പ്രേക്ഷകരോടുള്ള നന്ദി സൂചകമായി കൈ കൂപ്പി നിൽക്കുന്ന പ്രൊഡ്യൂസർ കെ.ടി കുഞ്ഞുമോന്റെ ചിത്രങ്ങളാണ് അന്ന് നായക നടന്മാരെക്കാൾ വലുപ്പത്തിൽ സിനിമ പോസ്റ്ററുകളിൽ സ്ഥാനം പിടിച്ചത്. സിനിമ തുടങ്ങുമ്പോ മാത്രം എഴുതിക്കാണിച്ചിരുന്ന നിർമ്മാതാവിന്റെ ചിത്രം ഈ രീതിയിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു. അതിനു മുൻപ് മലയാളത്തിൽ നിരവധി ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്തിരുന്നു എങ്കിലും കുഞ്ഞുമോന്റെ തലവര ശെരിക്കും തെളിഞ്ഞത് കോളിവൂഡിൽ എത്തിയ ശേഷമായിരുന്നു. സൂര്യനും , ജന്റിൽമാനും , കാതലനും അടക്കം സൂപ്പർ ഡ്യൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങൾ.
കുഞ്ഞുമോൻ എന്ന പ്രൊഡ്യൂസ്റിനോടൊപ്പം തന്നെ സിനിമ ഇൻഡസ്ട്രി തങ്ങളുടേത് കൂടിയാക്കിയ സാക്ഷാൽ ARR ഉം എസ്.ശങ്കറുമടക്കം നിരവധി പേരുണ്ടായിരുന്നു.
അന്ന് എ.ആർ റഹ്മാന് തന്റെ പാട്ടുകൾക്ക് ജീവൻ നൽകാൻ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഫീമെയിൽ ആർട്ടിസ്റ്റ് കൂടെ ഉണ്ടായി. ഇന്ത്യയുടെ ഹമ്മിങ് ക്വീൻ എന്നറിയപ്പെട്ട “സ്വർണ്ണ ലത”.സ്വർണ്ണലത എന്ന പേരിലേക്ക് ARR അങ്ങനെ വെറുതെ ചെന്നെത്തിയതല്ല.
ജെന്റിൽമാന്റെ റിലീസിന് മുൻപ് തന്നെ ഇളയരാജയുടെ സംഗീതത്തിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ ലത തന്റെ പേരിൽ എഴുതി ചേർത്തിരുന്നു. ചിന്നതമ്പിയിലെ “പൂവോമാ ഊർക്കോലം”,ദളപതിയിലെ “രാക്കമ്മ കയ്യത്തട്ട് ” ക്യാപ്റ്റൻ പ്രഭാകറിലെ “ആട്ടമാ തേരോട്ടമാ” എന്നിവയൊക്കെ അതിനു ഉദാഹരണങ്ങളാണ്.
ഇങ്ങനെ തമിഴ്‌നാട്ടിൽ തുടർച്ചയായി ഹിറ്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും മലയാളം ഇൻഡസ്ട്രിയിൽ കാര്യമായ അവസരങ്ങൾ ഒന്നുമില്ലാതെ മലയാളിയായ സ്വർണലത കേരളത്തിന് അന്യയായിത്തന്നെ നിന്നു.
92നു ശേഷം നാടൊട്ടുക്കും റഹ്‌മാൻ തരംഗം ആഞ്ഞടിച്ചതോടു കൂടി ഏതെങ്കിലും ഒരു ഇൻഡസ്ട്രി എന്നതിനെപ്പുറത്തേക്ക് ഗായകരുടെ പ്രസിദ്ധി ഇന്ത്യയൊട്ടാകെ വ്യാപിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. ജന്റിൽമാൻ എന്ന ചിത്രം ഹിറ്റ് ആകാൻ പ്രധാന കാരണങ്ങൾ എ.ആർ.ആറിന്റെ സംഗീതത്തിൽ ഒരുക്കിയ പാട്ടുകളും ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്നറിയപ്പെട്ടിരുന്ന പ്രഭുദേവയുടെ നൃത്തങ്ങളുമായിരുന്നു. “ചിക്കു -ബുക്ക് ചിക്കു ബുക്ക് റയിലെ” എന്ന ഗാനം യുവഹൃദയങ്ങളെ ഹരം കൊള്ളിച്ചപ്പോൾ സ്വർണ്ണ ലതയും -ഷാഹുൽ ഹമീദും ചേർന്ന് പാടിയ “ഉസ്സലാം പെട്ടി പെൺകുട്ടി “എന്ന പാട്ട് പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്തു മെഗാ ഹിറ്റായി മാറി. ഒപ്പം”സ്വർണ്ണ ലത” എന്ന പേരും.
“ഉസ്സലാം പെട്ടി” റിപ്പീറ്റ് വാല്യൂവിനു ഒരുകാലത്തും ഇടിവ് സംഭവിക്കാത്ത ഇന്നും ഒരുപാട് ആരാധകരുള്ള ഗാനമാണ്. എനിക്കിപ്പോഴും ഓർമ്മയുണ്ട്…കാണാൻ ഒരു ചാനൽ മാത്രം ഉള്ള കാലമായത് കൊണ്ട് തന്നെ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോ അടുത്ത വീട്ടിൽ നിന്നവിടെ നിന്നെങ്കിലും ടെലിവിഷനിൽ ഉസ്സലാം പെട്ടി പ്ലേ ആവുന്നത് കേട്ടാൽ ക്രിക്കറ്റ് ബാറ്റ് വലിച്ചെറിഞ്ഞു കൊണ്ട് ടി.വിക്കരികിലേക്കോടുന്നത് അന്ന് പതിവ് കാഴ്ചയായിരുന്നു..94ൽ കാതലൻ ഇറങ്ങി മുക്കാല – മുക്കാബുല എന്ന പാട്ട് എവർഗ്രീൻ ഹിറ്റായതോട് കൂടി സ്വർണ്ണലത എന്ന ഗായികയുടെ ഖ്യാതിയും ഇന്ത്യയൊട്ടാകെ പരന്നൊഴുകി.അതോടു കൂടി തമിഴ് കൂടാതെ മറ്റു ഭാശകളിലും തിരക്കുള്ള ഗായികയായി അവർ മാറി.
കരിയറിന്റെ തുടക്കത്തിൽ തന്നെ മലയാളത്തിൽ ജാതകം എന്ന സിനിമക്ക് ട്രാക്കും, ദശരഥത്തിൽ ജോൺസൺ മാഷിന്റെ കൂടെ ഹമ്മിങ്ങും പാടിയിട്ടുണ്ടെങ്കിലും മലയാളത്തിൽ സ്വർണ്ണലതയുടേതായ ഹിറ്റ് ഉണ്ടാകുന്നത് 95നു ശേഷമാണു. വർണ്ണപ്പകിട്ടിലെ “മാണിക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞെ” എന്ന ഗാനം പഞ്ചാബി ഹൗസിലെ “ബല്ലാ ബല്ലാ”,ഇൻഡിപെൻഡൻസിലെ “നന്ദലാല”, തെങ്കാശിപ്പട്ടണത്തിലെ “കടമിഴിയിൽ കമലദളം”, സത്യം ശിവം സുന്ദരത്തിലെ “ഹവ്വാ-ഹവ്വാ”, ഡ്രീംസിലെ “വാർ തിങ്കൾ” രാവണപ്രഭുവിലെ “പൊട്ടുകുത്തടി പുടവ ചുറ്റടി” മലയാളികൾ എന്താഘോഷം വന്നാലും ഇപ്പോഴും ആവേശത്തോടെ ആദ്യമെടുത്തു പ്ലേ ചെയ്യുന്ന ഹിറ്റ്ലിസ്റ്റുകളുടെ എണ്ണം ഇങ്ങനെ നീളുന്നു.
ഇനി ബോളിവുഡിലേക്കൊന്നു പോയി നോക്കൂ….! രംഗീല എന്ന സിനിമയിലെ
“ഹൈ -രാമാ യെ ക്യാ ഹുവാ”എന്ന സോങ്ങിന്റെ ഫീൽ മാത്രം മതിയാകും മലയാളിയായ സ്വർണ്ണ ലത ആരാണെന്നു ബോളിവുഡിന് മനസ്സിലാകാൻ. ഹേയ് രാമാ എന്ന സോങ്ങിനെ കുറിച്ച് പറയുമ്പോ പറയേണ്ട കാര്യമാണ് അതിന്റെ ചിത്രീകരണം. ഊർമ്മിളയേയും ജാക്കിഷ്രോഫിനേയും ചേർത്ത് ഗംഭീരമാക്കി ചിത്രീകരിച്ച അതിലെ സീനുകൾ അപ്പാടെ നിങ്ങൾ മാറ്റി വെച്ചോളൂ.എന്നിട്ട് തനിച്ചിരുന്ന് കണ്ണടച്ച് കൊണ്ട് ആ പാട്ടൊന്നു കേട്ട് നോക്കൂ .. സ്വർണ്ണലത കൊണ്ട് വന്ന ഫീൽ കൊണ്ടും ആലാപനം കൊണ്ടും മാത്രം എന്തിനെന്നറിയാതെ കണ്ണിൽ വെറുതെ കണ്ണുനീർ പടരുന്നത് അനുഭവിച്ചറിയാം. പേഴ്സണൽ ഫേവറിറ്റ് ആയ മറ്റൊരു ആൽബം സോങ് കൂടിയുണ്ട്.ഷഹബാസ് അമനോടൊപ്പം ചേർന്ന് പാടിയ “കുടജാദ്രിയിൽ കുട ചൂടുമാ” എന്ന ഗാനം. ഇത്രയും ഫീലുള്ള ഒരു ആൽബം സോങ് നിങ്ങൾ വേറെ കേട്ടിട്ടുണ്ടോ ? ഞാൻ കേട്ടിട്ടില്ല. ❤️
ചുരുങ്ങിയ കാലത്തിനുള്ളിൽ വിവിധ ഭാഷകളിലായി ഏഴായിരത്തോളം പാട്ടുകൾ പാടിക്കഴിഞ്ഞിരുന്ന സ്വർണ്ണലതയുടെ പാട്ടുകളും ഹിറ്റ്സും അന്വേഷിച്ചു പോയിക്കഴിഞ്ഞാൽ ദിവസമോ ആഴ്ചകളോ മതിയാകില്ല എന്നതാണ് സത്യം.അത് കൊണ്ട് തന്നെ എപ്പോഴും കേൾക്കാറുള്ളതും പേഴ്സണൽ ഫേവറിറ്റും മാത്രമായ പാട്ടുകൾ മാത്രമാണ് പോസ്റ്റിൽ പരമാർശിച്ചിട്ടുള്ളതും.
കരിയർ അതിന്റെ പീക്കിൽ നിൽക്കുമ്പോൾ വെറും മുപ്പത്തിയെഴാം വയസ്സിൽ (2010 സെപ്റ്റംബർ 10നു) അവരീ ലോകത്തോട് വിട പറഞ്ഞു പോകുമ്പോ സ്വന്തം പേര് പോലെ തന്നെ തന്റെ പാട്ടുകളും സംഗീതപ്രേമികൾക്കിടയിൽ സുവർണ്ണ ലിപികളാൽ അവർ ആലേഖനം ചെയ്തിരുന്നു. സ്മരണാഞ്ജലി.🌹
-ഷാനു കോഴിക്കോടൻ-