Friday, October 18, 2024
HomeCity Newsകർക്കടക വാവ് ബലി ഇന്ന്
spot_img

കർക്കടക വാവ് ബലി ഇന്ന്

മഴക്കാലമായതിനാല്‍ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നില്‍ കണ്ട് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും.

 കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 3നാണ് കർക്കടക വാവ് വരുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കർക്കിടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. ഓഗസ്റ്റ് 3ാം തിയതി കര്‍ക്കിടക ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഓരോ സ്ഥലത്തും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതാണ്.

മഴക്കാലമായതിനാല്‍ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നില്‍ കണ്ട് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും. ബലിത്തറകള്‍ ലേലം കൊള്ളുന്നവര്‍ തര്‍പ്പണത്തിനെത്തുവരെ ചൂഷണം ചെയ്യാതിരിക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും തര്‍പ്പണത്തിനായി ഏകീകൃത നിരക്ക് നിശ്ചയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുവാനും യോഗം തീരുമാനം എടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments