മുഹമ്മദ് റാഫിയെയും കുതിരവട്ടം പപ്പുവിനെയും ചേർത്ത് നിർത്തുന്ന സംഗീതം എന്ന മാജിക്കിനെക്കുറിച്ചു ഓർക്കുന്നു എഴുത്തുകാരനും ഗാന ഗവേഷകനുമായ രവി മേനോൻ .ഇന്ന് മുഹമ്മദ് റാഫിയുടെ ഓർമ്മദിനം
കുതിരവട്ടം പപ്പുവിന്റെ റഫി
അസുഖബാധിതനായി വിശ്രമിക്കുന്ന നാളുകളിൽ കുതിരവട്ടം പപ്പുവിനെ കോഴിക്കോട്ടെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ വികാരവായ്പ്പോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്:
“കുറെയേറെ സിനിമകളിൽ അഭിനയിച്ചു. അധികവും കോമാളി വേഷങ്ങൾ. അപൂർവമായി ചില അഭിനയപ്രധാനമായ റോളുകൾ. പക്ഷേ നാടകം തന്ന സന്തോഷവും സംതൃപ്തിയും സിനിമയിൽ നിന്ന് കിട്ടിയോ എന്ന് ചോദിച്ചാൽ സംശയമാണ്. എങ്കിലും സിനിമ കനിഞ്ഞുനല്കിയ ചില സൗഭാഗ്യങ്ങൾ മറക്കാനാവില്ല. ഞാനേറ്റവും ആദരിക്കുന്ന മുഹമ്മദ് റഫി എന്ന ഗായകന്റെ പാട്ട് പാടി അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് അവയിലൊന്ന്. പ്രേംനസീറിനു പോലും ലഭിച്ചിട്ടില്ലല്ലോ ആ ഭാഗ്യം.”
ഒരു “ഉടക്ക്”ചോദ്യമാണ് ആ നിമിഷം മനസ്സിൽ വന്നത്. “വളരെ റൊമാന്റിക്ക് ആയി റഫി സാഹിബ് പാടിയ ആ ഗാനം പപ്പുവേട്ടൻ അവതരിപ്പിച്ചപ്പോൾ കോമഡി ആയി മാറിയില്ലേ? ” ചോദ്യം കേട്ട് കുറച്ചുനേരം മിണ്ടാതിരുന്നു അദ്ദേഹം. പിന്നെ മുഖത്ത് കൃത്രിമ ഗൗരവം വരുത്തി പറഞ്ഞു: “മോനേ, അതിന് ആ സീനിൽ എന്റെ ജോഡിയായി അഭിനയിച്ചത് ഷീലയും ജയഭാരതിയും ഒന്നുമല്ലല്ലോ. അടൂർ ഭവാനിയല്ലേ? പിന്നെങ്ങനെ ഞാൻ റൊമാന്റിക് ആവും? പറഞ്ഞുതാ..” കേട്ടിരുന്ന നടൻ കുഞ്ഞാണ്ടിയുടെ ഉറക്കെയുള്ള ചിരി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.
ദിലീപ് കുമാർ മുതലിങ്ങോട്ട് ദേവാനന്ദ്, ഷമ്മി കപൂർ, ശശി കപൂർ, ധർമ്മേന്ദ്ര, ജിതേന്ദ്ര, പ്രദീപ് കുമാർ, ജോണി വാക്കർ, ഭരത് ഭൂഷൺ, വിശ്വജിത്, ജോയ് മുഖർജി, ഋഷി കപൂർ തുടങ്ങി അനിൽ കപൂർ വരെയുള്ള വിവിധ തലമുറകളിൽ പെട്ട ഇന്ത്യൻ സിനിമയിലെ സൂപ്പർ താര നിരയുമായി പപ്പുവേട്ടനെ ബന്ധിപ്പിച്ചുനിർത്തുന്ന കണ്ണിയാണ് റഫി സാഹിബ്. മലയാള സിനിമയിൽ റഫിയുടെ പാട്ടിനൊത്ത് വെള്ളിത്തിരയിൽ ചുണ്ടനക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു നടൻ പപ്പു മാത്രം. പി ഗോപികുമാർ സംവിധാനം ചെയ്ത “തളിരിട്ട കിനാക്കൾ” (1980) എന്ന ചിത്രത്തിലെ `ശബാബ് ലേക്കെ വോ ജാനേ ശബാബ് ആയാ ഹേ’ ആയിരുന്നു ചരിത്രപ്രാധാന്യമുള്ള ആ ഗാനം.
ആലപ്പുഴക്കാരൻ മുഹമ്മദ് ഇസ്മയിൽ എന്ന ജിതിൻ ശ്യാമിന്റെതായിരുന്നു പാട്ടിന്റെ ഈണം. വരികൾ എഴുതിയത് ഐഷ് കമാൽ. റഫിയെ കൊണ്ടൊരു മലയാളം പാട്ട് പാടിക്കുകയായിരുന്നു പടത്തിന്റെ അണിയറപ്രവർത്തകരുടെ സ്വപ്നമെന്ന് വെളിപ്പെടുത്തുന്നു തളിരിട്ട കിനാക്കളി''ന്റെ സംവിധായകൻ പി ഗോപികുമാർ. നിർമ്മാതാക്കളിൽ ഒരാളായ അബ്ദുൾ ഖാദർ വക്കീൽ വലിയൊരു സംഗീതപ്രേമിയാണ്. റഫിയുമായി അടുത്ത സൗഹൃദവുമുണ്ട് അദ്ദേഹത്തിന്. സംഗീതസംവിധായകനുമൊത്ത് റഫിയെ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കാണുന്നു അബ്ദുൾഖാദർ. എന്നാൽ മലയാളത്തിൽ പാടാനുള്ള ക്ഷണം വിനയപൂർവം നിരസിക്കുകയാണ് റഫി ചെയ്തത്. ഭാഷ ഹൃദിസ്ഥമാക്കാതെ പാടുന്നത് ശരിയല്ല എന്ന കാഴ്ചപ്പാടായിരുന്നു റഫിയുടേത്. പഠിച്ചെടുക്കാൻ അത്ര എളുപ്പമുള്ള ഭാഷയല്ല മലയാളം. ആഴ്ചകളുടെ പരിശീലനം വേണ്ടിവരും അതിന്. പടത്തിന്റെ ചിത്രീകരണം ഏറെക്കുറെ അവസാന ഘട്ടത്തിലാണ് താനും. റിലീസിംഗ് തീയതി അടുത്തുവരുന്നു. അത്രയും കാലം തനിക്കുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് റഫി സാഹിബ് തന്നെ സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കുന്നു.
എന്നാൽ വെറുംകൈയോടെ മടങ്ങാൻ തയ്യാറല്ലായിരുന്നു ഖാദറും ജിതിൻ ശ്യാമും. പകരം ഒരു ഹിന്ദി പാട്ടെങ്കിലും പാടിത്തരണമെന്നായി അവർ. അങ്ങനെ അടുത്ത ദിവസം തന്നെ മുംബൈയിലെ ബോംബെ സൗണ്ട് സർവീസ് സ്റ്റുഡിയോയിൽ റഫിയുടെ ശബ്ദത്തിൽ ശബാബ് ലേക്കെ എന്ന പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നു.” — ഗോപികുമാർ.
അപ്പോഴാണ് മറ്റൊരു പ്രശ്നം. ഹിന്ദി പാട്ടിനുള്ള സിറ്റുവേഷൻ സിനിമയിലില്ല. മുഖ്യനായിക തനൂജ ഹിന്ദിയിലെ അറിയപ്പെടുന്ന താരമാണെങ്കിലും കഥയിൽ അസ്സൽ മലയാളി വീട്ടമ്മയുടെ റോളിലാണ്. റഫിയുടെ പാട്ട് ഉൾപ്പെടുത്താൻ വേണ്ടി ഒടുവിൽ ഒരു സ്വപ്നരംഗം ഷൂട്ട് ചെയ്ത് ചേർക്കേണ്ടി വരുന്നു സംവിധായകന്. സഹനായികയായ മധുമാലിനിയുടെ മിനി സ്കർട്ടും ടോപ്പുമണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് കിനാവുകാണുകയാണ് വീട്ടുവേലക്കാരിയായ അടൂർ ഭവാനി. പശ്ചാത്തലത്തിലെ ടേപ്പ് റെക്കോർഡറിൽ റഫിയുടെ ഗാനമൊഴുകുന്നു. ഭവാനിയുടെ ഭാവനയിൽ ആ പാട്ടിനൊത്ത് ചുണ്ടനക്കി അസ്സൽ ഗോസായി വേഷത്തിൽ കുതിരവട്ടം പപ്പു. കോട്ടയത്തിനടുത്തുവെച്ചാണ് ആ സ്വപ്ന രംഗം ഷൂട്ട് ചെയ്തതെന്നാണ് ഗോപികുമാറിന്റെ ഓർമ്മ. ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവളൊരു നാടോടി തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ഗോപികുമാർ ചലച്ചിത്രവേദിയിൽ സജീവമല്ല ഇപ്പോൾ. കുടുംബ പാരമ്പര്യമായി പകർന്നുകിട്ടിയ വൈദ്യവും നാട്ടു ചികിത്സയും യോഗ പരിശീലനവുമായി സ്വദേശമായ പാലക്കാട്ട് സിനിമാത്തിരക്കുകളിൽ നിന്നകന്നു കഴിയുന്നു അദ്ദേഹം. (2020 ൽ ഗോപികുമാർ അന്തരിച്ചു).
സിനിമക്ക് വേണ്ടി മുഹമ്മദ് റഫി പാടി റെക്കോർഡ് ചെയ്ത അവസാന ഗാനങ്ങളിൽ ഒന്നായിരുന്നു `ശബാബ് ലേക്കെ’. തളിരിട്ട കിനാക്കൾ റിലീസായി ഒരു മാസത്തിനകം ഗന്ധർവഗായകൻ ഓർമ്മയായി. പാട്ട് സ്വരപ്പെടുത്തിയ ജിതിൻ ശ്യാമും അഭിനയിച്ച പപ്പുവും അടൂർ ഭവാനിയും എല്ലാം ഓർമ്മയായെങ്കിലും റഫിയുടെ ശബ്ദത്തോട് മലയാളികൾക്കുള്ള അകമഴിഞ്ഞ ആരാധനയുടെ പ്രതീകമായി ശബാബ് ലേക്കെ ഇന്നും ജീവിക്കുന്നു.
1970 കളുടെ തുടക്കത്തിൽ മുംബൈയിൽ എത്തിയതാണ് ജിതിൻ ശ്യാം. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച ശേഷം സംഗീതസംവിധായകൻ ബ്രിജ് ഭൂഷന്റെ സഹായി ആയി. പിന്നെ വ്യാഴവട്ടക്കാലം നൗഷാദിന്റെ കൂടെ പ്രവർത്തിച്ചു. അറബ് കാ സോനാ എന്ന ചിത്രത്തിൽ റഫി പാടിയ ഭക്തിഗാനങ്ങളാണ് സ്വതന്ത്ര സംഗീത സംവിധായകൻ എന്ന നിലയിൽ ശ്യാമിനെ പ്രശസ്തനാക്കിയത്. മലയാളത്തിൽ വിസ (താലി പീലി കാട്ടിനുള്ളിൽ), പൊന്മുടി (ദൂരെ നീറുന്നൊരോർമ്മയായ്), തളിരിട്ട കിനാക്കൾ (എൻ മൂക വിഷാദം) തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന ജിതിൻശ്യാം 2015 ഫെബ്രുവരിയിൽ അന്തരിച്ചു.
“കുഞ്ഞിനെ പോലെ നിഷ്കളങ്കനായിരുന്നു റഫി സാഹിബ്. ഇന്നലെ രംഗത്തെത്തിയ സംഗീത സംവിധായകന്റെ മുന്നിൽ പോലും അദ്ദേഹം തുടക്കക്കാരന്റെ സങ്കോചത്തോടെ വിനയാന്വിതനായി നിൽക്കുന്നത് കണ്ടിട്ടുണ്ട്. സംഗീത സംവിധായകൻ ഓക്കേ ചെയ്യുന്നതുവരെ യാതൊരു മടിയുമില്ലാതെ പാടിക്കൊണ്ടിരിക്കും അദ്ദേഹം. അതായിരുന്നു ആ മനസ്സിന്റെ വലിപ്പം.” ജിതിൻ ശ്യാമിന്റെ വാക്കുകൾ.
— രവിമേനോൻ (യാദ് ന ജായേ)