Saturday, July 27, 2024
spot_img
HomeBREAKING NEWSഎറണാകുളം വെള്ളത്തിൽ മുങ്ങി, കനത്തമഴക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍
spot_img

എറണാകുളം വെള്ളത്തിൽ മുങ്ങി, കനത്തമഴക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍

കൊച്ചി: മഴ അതിശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നില്‍ മേഘവിസ്‌ഫോടനമെന്ന് കൊച്ചി സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍. ഒന്നര മണിക്കൂറില്‍ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസര്‍ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. മേഘ വിസ്‌ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങള്‍ കൊണ്ടു വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും.

മണിക്കൂറില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ അതിനെ മേഘവിസ്‌ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്. അത്തരം മേഘങ്ങള്‍ക്കു ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും.

ഈര്‍പ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ കുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍ രൂപപ്പെട്ട് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്താം. തുലാമഴയുടെ സമയത്തും കാലാവര്‍ഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും.

ഇത്തരത്തില്‍ ഉണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളില്‍, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും.

അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് വേഗത്തില്‍ എത്തുന്ന കുമുലോ നിംബസ് മേഘങ്ങള്‍ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകള്‍ കാരണം പതിവിലും ഉയര്‍ന്ന അളവില്‍ അന്തരീക്ഷ ഈര്‍പ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതു കാരണം ഈര്‍പ്പം മഞ്ഞുകണങ്ങളായി മാറുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments