Thursday, June 20, 2024
spot_img
HomeEntertainmentഅനുഭവകഥയിൽ മുദ്ര ചാർത്തുമ്പോൾ:മഞ്ഞുമ്മൽ ബോയ്സ്
spot_img

അനുഭവകഥയിൽ മുദ്ര ചാർത്തുമ്പോൾ:മഞ്ഞുമ്മൽ ബോയ്സ്

ശിവശങ്കരൻ കെ

മഞ്ഞുമ്മൽ ബോയ്സ് കേവലം ന്യൂജെൻ പിള്ളേരുടെ ഒരു കാട്ടിക്കൂട്ട് എന്ന വിചാരമായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ കാണാൻ താൽപ്പര്യമില്ലാത്തവയുടെ കൂട്ടത്തിലേക്ക് മാറ്റിവെച്ചിരുന്നു ഈ സിനിമ.എന്നാൽ ബുക്കർ മീഡിയയിലെ അനൂപ് ചാലിശ്ശേരിയാണ് ഈ സിനിമ താങ്കൾ കാണണമെന്നും അസ്സലൊരു കലാനുഭവമാകുമെന്നും എന്നെ ധരിപ്പിക്കുന്നത്.

ആയതിനാൽ തൃശൂർ ഐനോക്സിൽ നിന്നും പടം കണ്ടു. വാക്കുകൾ ഇല്ലാത്ത വിധം മഹത്തായ ഒരു ഫിലിം ആണ് എന്നാണ് എന്റെ അനുഭവം. ചിദംബരം എന്ന സംവിധായകന്റെ കൃത്യതയാർന്ന അളവ്. പറയാതിരിക്കാൻ കഴിയില്ല ഓരോ ഷോട്ടും തുടങ്ങി ഒടുങ്ങും വരെ.

സൗബിൻ എന്ന നടന്റെ ഹൃദയം കവരുന്ന അഭിനയം ഇതിൽ കാണാം. അതോടൊപ്പം പറയാൻ ഉള്ളത് ശ്രീനാഥ്‌ ഭാസി ഇതുവരെ ചെയ്തതിൽ വെച്ച് മികച്ച പ്രകടനം കൂടി ഈ സിനിമയിലുണ്ട്.അത്രമാത്രം തിളക്കം വന്നിട്ടുണ്ട് സുഭാഷ് എന്ന ക്രാഫ്റ്റ്‌. ബാലു വർഗീസ്, ഗണപതി, ദീപക്, അഭിറാം തുടങ്ങി ഈ സിനിമയിലുള്ള ഓരോ ബോയ്സും പ്രേക്ഷകമനസ്സിനെ തൊട്ടുലച്ചേ പോകുന്നുള്ളൂ.

പറവ ഫിലിംസിന്റെ കയ്യാൽ സൗബിനും ഷോൺ ആന്റണിയുമാണ് പടം ഉണ്ടാക്കിയത്. തൃകാല വൈഭവം തൃപ്പടി തൊട്ടുഴിയും എന്നു പറയുംപോലെ അഭ്രപാളിയിൽ അത് സംഭവിച്ചിരിക്കുന്നു എന്നതാണ് വസ്തുത.

ഒരു യഥാർത്ഥ സംഭവം ഇതിനുമേൽ തികവാർന്നു ചിത്രീകരിച്ചു കാണിക്കുക വയ്യ. ഒരുപറ്റം സുഹൃത്തുക്കളുടെ വിനോദയാത്രയിൽ ഒരാൾ കൊടൈക്കനാലിലെ ഗുണ ഗുഹയിൽ അബദ്ധത്താൽ വീഴുന്നതും കാണുന്നവരെ മുഴുവൻ മുൾമുനയിൽ നിർത്തുന്നതും കഥാവസാനം വരെ പിരിമുറുക്കത്തിൽ ഉരുക്കുന്നതും ഇനിയൊരു തച്ചുപിഴ പോലും പറയാനാവാത്ത തരത്തിൽ ചെയ്തിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

സിനിമക്ക് സംഗീതം കൊടുത്ത സുഷിൻ ശ്യാമിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. ഓരോ സീനിലും വിടരുന്ന ശബ്ദവീചികൾ നമ്മെ ചാരുത കൊണ്ടും ചടുലത കൊണ്ടും വിസ്മയിപ്പിക്കും. ഉദ്വേഗമുണ്ടാക്കുന്ന ഇടങ്ങളിൽ പശ്ചാത്തല സംഗീതവിന്യാസം അതിശയകരമാണ്. ചിദംബരം എസ് പൊതുവാളിന് മാത്രമല്ല മലയാണ്മക്കാകെ തന്നെ അഭിമാനമാണ് ഈ ചിത്രം എന്നാണ് ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പറയാനാവുക.

ശ്രീ ഗോകുലം മൂവീസ് വിതരണം നടത്തുന്ന സിനിമ സാമ്പത്തിക വിജയം ഉറപ്പിക്കും എന്ന് അച്ചട്ടം പറയാൻ കഴിയും. അത്രയ്ക്കുമുണ്ട് സിനിമാശാലകളിലെ കാഴ്ച്ചപ്പെരുപ്പം.

കൊടൈക്കനാലിലെ ഡെവിൾ കിച്ചൺ എന്ന ഗുണ ഗുഹയ്ക്കു സമീപം ഉല്ലസിച്ചാനന്ദിച്ച് കുറച്ചു കുട്ടികൾ എത്തുന്നതും അവിടെ പാറയിൽ മഞ്ഞുമ്മൽ ബോയ്സ് എന്ന് എഴുതുന്നതും അതിൽ ഒരു തിരുത്ത് നടത്താൻ നിർദേശിച്ച് പയ്യന്മാരിൽ ഒരാളായ സുഭാഷ് (ശ്രീനാഥ്‌ ഭാസി) നീങ്ങുമ്പോൾ അബദ്ധവശാൽ ഒരു ഗുഹയുടെ വിടവിലേക്ക് തെന്നി വീഴുന്നതും തുടർന്നുണ്ടായ സംഘർഷഭരിതമായ സംഭവങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം.

നാട്ടുകാരും പ്രേക്ഷകരും അനുഭവിക്കുന്ന ഭയവിഹ്വലതകളെ അതീവ അനുഭവപ്രയോക്തിയിലൂടെ ഈ സിനിമയിൽ മെനഞ്ഞിരിക്കുന്നു.

ഓരോ ഷോട്ടിനും പത്തരമാറ്റ് തിളക്കം. സേന പോലും ഇറങ്ങാൻ മടിച്ച പ്രതികൂല കാലാവസ്ഥ.മഴ പെയ്തും വെള്ളം നിറഞ്ഞും കുഴി നിറയുന്ന അവസ്ഥ. ഒടുവിൽ കുട്ടേട്ടൻ എന്ന സൗബിനിലെ ചങ്ങാതി രണ്ടും കല്പിച്ച് കയറിൽ തൂങ്ങി താഴെ അഗാധ ഗർത്തത്തിലേക്ക്. തുടർന്ന് സുഭാഷിനെ പുറത്ത് എത്തിക്കുന്നതോടെയാണ് തിയേറ്റർ നെടുവീർപ്പിടുന്നത്.

കൂട്ടുകാരൻ ഗുഹയിൽ വീണകാര്യം പറയുമ്പോൾ ഇനി ഒരു തിരിച്ചു വരവുണ്ടാവില്ല എന്ന് മുൻപ് വീണുപോയവരുടെ പട്ടിക സാക്ഷ്യപ്പെടുത്തി പ്രാദേശിക വാസികളും പോലീസും ഒരുപോലെ പറയുന്നിടത്ത് നിന്നാണ് കഥ വികസിച്ച് ഒടുവിൽ ശുഭപര്യവസായിയായി തീരുന്നത്. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, വിഷ്വൽസ്…എല്ലാം ഒന്നിനൊന്നു മെച്ചം.

ഒരു കാര്യം കൂടി പറയട്ടെ. ഇതാ ഈയിടെ ഞാൻ കണ്ട ഒന്നാന്തരം ഒരു സിനിമ. ഇത് കണ്ടില്ലെങ്കിൽ കാണാത്തവർക്ക് നഷ്ടമായേക്കാവുന്ന ഒരു ദൃശ്യാനുഭവമായിരിക്കും തീർച്ച.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments