Saturday, July 27, 2024
spot_img
HomeEntertainmentഓർമ്മകളിൽ ഇന്നച്ചൻ
spot_img

ഓർമ്മകളിൽ ഇന്നച്ചൻ

ഇന്ന് ഇന്നസെന്റിന്റെ ഒന്നാം ചരമവാർഷിക ദിനമാണ്. നടനും നിർമ്മാതാവും സംഘാടകനും ജനപ്രതിനിധിയുമായുമൊക്കെ ഓർമ്മകളിൽ ജീവിക്കുന്ന ഇന്നസെന്റ് ഒരുപാട് പേർക്ക് പ്രചോദനവും അതിജീവനപോരാട്ടത്തിന്റെ അടയാളവുമാണ്. തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കഥാപാത്രങ്ങൾ മുതൽ വെറുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ വരെ അദ്ദേഹത്തിന് വഴങ്ങി.

ജീവിതം ഒരു ചിരിയരങ്ങാക്കിയ നടനായിരുന്നു ഇന്നസെന്റ്. വേറിട്ട ശരീരഭാഷയും ഹാസ്യവും തൃശ്ശൂർ ഭാഷാശൈലിയും ചേരുംപടി ചേർന്നപ്പോൾ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകഹൃദയത്തിൽ ഇടം തേടി.

ജീവിതാനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച കരുത്തായിരുന്നു ഇന്നസെന്റിന്റെ പല കഥാപാത്രങ്ങളുടേയും കാതൽ. മാന്നാർ മത്തായിയായും കെ കെ ജോസഫായും കിട്ടുണ്ണിയായും ഈനാശുവായും പൊതുവാളായും സ്വാമിനാഥനായുമൊക്കെ ഇന്നസെന്റ് ചിരിയുടെ മാലപ്പടക്കത്തിന് തീയേറ്ററുകളിൽ തിരി കൊളുത്തി.

ഹാസ്യകഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന മാനറിസങ്ങൾ വില്ലൻ കഥാപാത്രങ്ങളിലേക്ക് ഇന്നസെന്റ് പകർന്നപ്പോൾ വക്രതയുടെ ആൾരൂപങ്ങളായി അവയിൽ പലതും മാറി. കേളിയിലെ ലാസർ മുതലാളി മലയാള സിനിമ കണ്ട ഏറ്റവും കുടിലതയുള്ള പ്രതിനായകരിലൊരാളായിരുന്നു. കാതോട് കാതോരത്തിലെ കപ്യാർ, തസ്‌ക്കരവീരനിലെ ഈച്ചപ്പൻ, സ്വർണക്കടുവയിലെ ലോനപ്പൻ എന്നിവർ ക്രൂരതയുടെ ആൾ രൂപങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.

നർമ്മത്തിന്റെ മേമ്പൊടി വിതറിയ, വില്ലത്തരമുള്ള വേഷങ്ങളും ഇന്നസെന്റിന് വഴങ്ങി. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരും മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും പിൻഗാമിയിലെ പട്ടരുമൊക്കെ അത്തരത്തിലുള്ളവരാണ്.

തീപ്പെട്ടികമ്പനിയിലേക്കുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ തമിഴ്‌നാട്ടിൽ കറങ്ങുന്ന കാലത്താണ് സിനിമ ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരനെ ഭ്രമിപ്പിച്ചതും സിനിമാമോഹം സാക്ഷാൽക്കരിക്കാൻ മദ്രാസിലേക്ക് ചേക്കേറിയതും. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചശേഷം 1972-ൽ പുറത്തിറങ്ങിയ എ ബി രാജിന്റെ നൃത്തശാലയിൽ പത്രപ്രവർത്തകന്റെ വേഷത്തിലായിരുന്നു തുടക്കം. കെ മോഹന്റെ ‘ഇളക്കങ്ങളി’ലെ കറവക്കാരനും ‘അവിടത്തെപ്പോലെ ഇവിടെയു’മിലെ കച്ചവടക്കാരനുശേഷം ഇന്നസെന്റിന് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടേയില്ല. ഇരിങ്ങാലക്കുട തെക്കേത്തല വീട്ടിൽ വറീതിന്റെയും മർഗലീത്തയുടേയും മകൻ മലയാളത്തിന്റെ പ്രിയങ്കരനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments