തൃശൂർ: സിപിഐഎം നേതാവിനെതിരെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റ് അംഗമായ കെ ദിവാകരനെയാണ് സുരേഷ് ഗോപി’ മാക്രി’ എന്ന് വിളിച്ചത്. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. തൃശൂർ എംപിയെ തോണ്ടാൻ വന്നാൽ മന്തി പൊളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘വടകരയിലെ ഊരാളുങ്കൽ സൊസൈറ്റി ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസിലാക്കു. അവരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഞാൻ കൂടി അംഗീകരിച്ച പദ്ധതിയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. 95.34 കോടി രൂപയുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ കൂടുതൽ എന്താണ് അയാൾക്ക് അറിയേണ്ടത്. തൃശൂർ എംപിയെ തോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ച് കളയും അത്രയെ ഉള്ളൂ.’ സുരേഷ് ഗോപി പറഞ്ഞു.
‘കൊല്ലത്തെ അഷ്ടമുടി പദ്ധതിക്കായി 59.73 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.മന്ത്രിയെന്ന നിലയിൽ കൃത്യമായി ഇതെല്ലാം ചെയ്തിട്ടുണ്ട്. തൃശൂരിന് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയിനിങ് കോളേജും ഫൊറൻസിക് ലാബും അനുവദിച്ചിട്ടുണ്ട്. എട്ട് ഏക്കർ സംസ്ഥാന സർക്കാർ നൽകണം. തിരുവനന്തപുരത്ത് മാത്രമെ നൽകൂ എന്ന് പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്.’ സുരേഷ് ഗോപി ആരോപിച്ചു.


