തൃശൂർ: കാടുകുറ്റിയിൽ ചാലക്കുടി പുഴയുടെ കൈവഴിയായ അഴങ്ങാലികടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്ണൻ(30) ആണ് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ മരിച്ചത്.
കുടുംബസുഹൃത്തുക്കളായ ആറ് പേരാണ് അറങ്ങാലിക്കടവിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒൻപത് വയസുകാരൻ ഒഴുക്കിൽപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടെ കൃഷ്‌ണൻ ഒഴുക്കിൽപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


