അബു സുഫിയാൻ്റെ പിസ്ത മുന്തിരി ബദാം
ശിവൻ സുധാലയം

ഓർമ്മകളായാലും കഥകളായാലും കവിതയായാലും എഴുത്തുകാർക്ക് ഒരു ചുറ്റു ബോധം നിഴലിക്കും.
അവർ നടന്നതും നിവർന്നതും നൂണുമറഞ്ഞതുമായ ഒക്കെയും ആളായും അനുഭവമായും കുറിച്ചു പോരും.
ഷേക്സ്പിയർ തൊട്ട് ഇങ്ങോട്ട് എഴുതിയ എല്ലാവരിലും കാണാം
ഈ അവനവ നാടിൻ്റെ വിശേഷം. ഇത് എം ടി തൊട്ട് ഇന്നോളം എഴുത്തുകാരായി വന്ന ഓരോ ജനുസ്സിലും ഉണ്ട്.
“അയ്യോ ഇതെൻ്റെ അനുഭവമല്ലാ കേട്ടോ”
എന്ന് ഉത്തരോത്തരം ആർപ്പുവിളിച്ച് സോഷ്യൽ മീഡിയയിൽ ഒപ്പു വെക്കുന്നവർക്കും അനുഭവം പച്ചക്ക് വായിക്കുന്ന മട്ടിലേ എഴുത്തുവരൂ.
അതൊരു ഗുണമാണ്. മൗലികത ഒരു ബോധവും ഒരേ സമയം ഒരു ഉൾതേട്ടലും ആണ്.
ഇവിടെ അബുക്കൃതി എനിക്ക് അനുഭവിച്ചുപൂവാനായത് എനിക്ക് കൂടി പ്രിയമുള്ള എൻ്റെ ജില്ലയിലെ അറ്റത്തെ കഥ പറയുന്നത് കൊണ്ടുകൂടിയാണ്.
അതിശയത്തിൻ്റെ നിധിമല ചുമന്നുള്ള വിവരണമൊന്നും ഇതിലില്ല.
ഉറൂബും ഇടശ്ശേരിയും സി രാധാകൃഷ്ണനും രാമനുണ്ണിയും ആലങ്കോടും സുരേന്ദ്രൻ മാഷും രാമകൃഷ്ണൻ കുമരനല്ലൂരും ഇപ്പൊ പി പി രാമചന്ദ്രനും ഒക്കെ പറഞ്ഞു പോയിടത്ത് ഒരു പൊന്നാനി ചരിതം കൂടി എന്നേ ഞാൻ പറയൂ.
മിനക്കെട്ടിട്ടുണ്ട് സജിത് ശ്യാം ഒരു കഥാബുക്കിൽ. അതും ബുക്കർ നിർമ്മിതി. ഒഴുക്കുള്ള ഭാഷ.
ഏതായാലും മഹാകവി അക്കിത്തവും അച്യുതനുണ്ണി മാഷും നടന്നു വിജയിച്ച ഭൂമിയിലേക്ക് ഇതാ ഒരു അബു.. അബു സുഫിയാൻ.

നാട്ടിടവഴികളും കായലോരത്തെ ഓടുവീടും കടലോരവും നാട്ടു പരിസരങ്ങളും ഹൃദയഹാരിയായി ഒപ്പി വെച്ചിട്ടുണ്ട് വിദ്വാൻ.
അസർ ബാങ്ക് വിളിയായും റസിയയായും ബിയ്യം ചെറുവായ്ക്കര സ്കൂളും സുബൈറും “ ആലമുൽ അർവാഹ് (റൂഹുകളുടെ ലോകം) “ എന്ന തുടക്ക അദ്ധ്യായത്തിൽ തന്നെ പൊന്നാനിയുടെ അകായ വായനക്കാരനു തൊടാം.
സമീറിനെ കൂട്ടി ചന്തപ്പടിയിറക്കം,പ്രദീപിലൂടെ യാത്ര, പിസ്ത മുന്തിരി ബദാം രുചി കൂടാതെ എങ്ങുപോവാൻ.
“ സെമ്പക സുരഭില പരിമള ഗാഥ” യിലെ നാട്ടു ശുദ്ധം പേറുന്ന ഓർമ്മകൾ..മൺസൂൺ…മഴ.. പരൽ മീനുകൾ.. പൊന്നാനി – തവനൂർ റൂട്ടിലെ സാമസു ബസ്..
പിന്നെ “ അനൽ ഹഖ്” ..സുജൂദിലായ ഖലീൽ..ഗീതാഞ്ജലി..” സ: ലോകേഷ്”
രാഷ്ട്രീയ നാട്ടുവർത്തമാനങ്ങൾ അനുഭവങ്ങൾ.
ക്യാമ്പിലെ തീ നെഞ്ചിലേക്ക് പടർന്നതും
തീ പടരാൻ ഇടവന്ന കഥ പറയുന്നതും രസകരം.
ഇയാള് പ്രവാസത്തിലെ പൊന്നാനിയാണ് ഇരിപ്പുകൊണ്ടും അരിപ്പുകൊണ്ടും.
ഏത് പ്രവാസത്തിനും ഒരു തച്ചു കേറാത്ത മടക്കുതുന്നുണ്ടാവും.
അറിയാതെ സ്വയം അഴിഞ്ഞു പോവുന്ന ഒരു അഴിവിക്രസ്സ്.
എഴുത്തിന് ഒരു കേവല ഭാഷ മാത്രമേ ഇതിലുള്ളൂ. പിന്നൊക്കെ കൽപ്പനാ സൂത്രങ്ങളാണ്. അതേലാം അബൂന് താന്നിക്കുന്നു കേറണപോലെ സുഖാനുഭൂതിയാണ്.
മുമ്പ് പൊന്നാനിയും എടപ്പാളും ചങ്ങരംകുളത്തും മാറഞ്ചേരിയും ജോലി ചെയ്യുമ്പോൾ ചില ഇടപാടുകാരിലേക്ക് നടന്ന വഴികൾ എനിക്കീ അബു പുസ്തകത്തിൽ കിട്ടി.ചിലതൊക്കെ അപ്പുറം നടന്ന് ചമ്രവട്ടവും കാവിലക്കാടും പുറത്തൂരും പോയി നിന്നു.ഗോപിയേട്ടനെയും വള്ളത്തോളെ വലിയമ്മയെയും കണ്ടു പോന്നു.
ഉച്ചച്ചോറിന് ഇടശ്ശേരി ഇടവഴിയിലും ചമ്മന്തി പുളിയഞ്ചിയിലും ചെന്ന് ഇല മടക്കി.
വരകളുടെ പരമശിവനെ തൊഴുതു. അപ്പുറ വഴിയിലെ ഇല്ലത്തെ ആത്തോലിൻ്റെ കയ്യിലെ കടുമാങ്ങയും നാരങ്ങ ഉപ്പിലിട്ടതും തൊട്ടു.
പങ്കായം വീശി “ ഞമ്മള് കായ് അടക്കും ട്ടിലെ”എന്ന സുലൈമാൻ്റെ പറച്ചിലിൽ ചിരിച്ചു തട്ടി. കടലില് മീം ബേണ്ടേന്നും എന്നുള്ള വാക്കുമുട്ടിൽ തല തടവി നിന്നു.
ഒന്ന് മാത്രം പറഞ്ഞു വെക്കാം – വല്ലാതെ മുഷിയില്ല ഗ്രന്ഥം. വായിച്ചു തീർക്കും ആരും.
ചില പുസ്തകങ്ങൾ നിർമ്മിതി കൊണ്ട് ശ്രദ്ധ നേടും. അച്ച്, പുറം കുപ്പായം, രൂപകല്പന… ഇതൊക്കെ കൊണ്ടാവും ഒരുപക്ഷേ ഈ കൃതി ഏറെ ശ്രദ്ധിക്കപ്പെടുക.
തൃശൂർ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ചെയ്ത നിലവാരകൃതികളുടെ ഉമ്മറശ്രീകളിൽ ഒന്ന് കൂടി. സനിതയ്ക്കും അനൂപിനും നന്മകൾ നേരുന്നു.
പിന്നെ എഴുത്താളുടെ പറച്ചിൽ രീതി കൊണ്ടും.
അബു സുഫിയാനെ…. എഴുത്തിൻ്റെ കുന്നു കേറും… സംശം വേണ്ട.
ചമ്രവട്ടം ശാസ്താവിൻ്റെ മുറ്റത്തല്ലേ ജമ്മം.. നന്നായി വരും.
= ശിവൻ സുധാലയം=


