പ്രതീക്ഷ” എന്ന നാടകത്തിൽ ഒരു നിരാശാകാമുക കഥാപാത്രത്തിനു വേണ്ടി വത്സൻ എഴുതി സ്വരപ്പെടുത്തിയ പാട്ടാണ് കഴിഞ്ഞുപോയ കാലം.” പാട്ട് പൂർണ്ണ വാദ്യവിന്യാസത്തോടെ കാസറ്റിൽ റെക്കോർഡ് ചെയ്ത് പശ്ചാത്തലത്തിൽ കേൾപ്പിക്കുന്ന പതിവൊന്നും ഇല്ല അന്ന്. നാടകത്തിന്റെ പിന്നണിയിൽ ഇരുന്ന് ലൈവ് ആയാണ് പാടുക. വൽസന്റെ ഗാനം ആദ്യമായി പ്രേക്ഷകരെ തേടിയെത്തിയത് വിനോദ് വടകര എന്ന ഗായകന്റെ ശബ്ദ്‌ദത്തിലായിരുന്നു. അകമ്പടിക്ക് ഹാർമോണിയവും തബലയും മാത്രം. ഒതയോത്ത് അമ്പലത്തിലെ വേദിയിലാണ് പ്രതീക്ഷ’യിലെ ആ പാട്ട് ആദ്യമായി അവതരിപ്പിച്ചത് എന്നോർക്കുന്നു വിനോദ്. ആദ്യം പാടിയപ്പോൾ തന്നെ ജനങ്ങൾ അത് ശ്രദ്ധിച്ചതായി തോന്നി. പിന്നീടങ്ങോട്ട് നിരവധി സ്റ്റേജുകളിൽ ഈ ഗാനം അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ അത് ജനങ്ങൾ ഏറ്റെടുത്തു എന്ന് വേണം പറയാൻ..” – പ്രശസ്‌ത എഴുത്തുകാരൻ വി ആർ സുധീഷിൻ്റെ മൂത്ത ജ്യേഷ്‌ഠൻ കൂടിയായ വിനോദ് പറയുന്നു.

നിർഭാഗ്യവശാൽ പാട്ടിൻ്റെ യഥാർത്ഥ സ്രഷ്‌ടാവ് ഇപ്പോഴും തിരശീലയ്ക്ക് പിന്നിൽ തന്നെ. ടെലിവിഷൻ പരിപാടികളിൽ, റേഡിയോയിൽ, സംഗീത വെബ് സൈറ്റുകളിൽ കഴിഞ്ഞുപോയ കാല'ത്തിന്റെ പിതൃത്വം പതിവായി കൈവിട്ടു പോകുന്നതിൽ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു വത്സന്. പിന്നെ അതൊരു ശീലമായി. നമ്മൾ ഉണ്ടാക്കിയ ഒരു പാട്ട് ജനം ഇഷ്‌ടപ്പെടുന്നു എന്ന അറിവല്ലേ ഏറ്റവും പ്രധാനം? " -വത്സൻ്റെ ചോദ്യം. ഇന്നും സ്വന്തം സൃഷ്ടിയുടെ ഒരു ആരാധകനെയെങ്കിലും കണ്ടുമുട്ടാത്ത ദിനങ്ങൾ അപൂർവമാണ് വത്സന്റെ ജീവിതത്തിൽ. യാത്രകൾക്കിടയിൽ തീർത്തും അവിചാരിതമായി പാട്ട് കാതിൽ വന്നുവീഴുമ്പോൾ സന്തോഷം തോന്നും. അപരിചിതരായ എത്രയോ മനുഷ്യർ അവരുടെ ജീവിതത്തിൽ ആ പാട്ട് ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വികാരവായ്‌പോടെ സംസാരിച്ചു കേട്ടിട്ടുണ്ട്. ഫോണിലൂടെ കരഞ്ഞുകൊണ്ട് അത് പാടിത്തരുന്നവർ വേറെ. മിക്ക മനുഷ്യരുടെ ജീവിതത്തിലും ഒരു നഷ്‌ടപ്രണയം ഉണ്ടാകുമല്ലോ. അതുകൊണ്ടാവാം ആ ഗാനം ഇത്രയേറെ സ്വീകരിക്കപ്പെട്ടത്."
കഴിഞ്ഞുപോയ കാലം" ഉൾപ്പെടെ വത്സൻ മാഷ് എഴുതിയ പാട്ടുകൾ കാസറ്റിൽ ഇടം നേടാൻ പിന്നെയും വേണ്ടിവന്നു കുറച്ചു കാലം കൂടി. കൗതുകമുള്ള മറ്റൊരോർമ്മ. ``വടകരയിൽ എയർകോൺസ് എന്നൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഉണ്ട് അന്ന്. അവിടെ ഒരു ഹാൾ വാടകക്കെടുത്തായിരുന്നു റെക്കോർഡിംഗ്. ഗാനലേഖനം നിർവഹിച്ചത് മൂടാടിയിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് കടക്കാർ. ഇന്നത്തെ പോലെ സൗണ്ട് പ്രൂഫ് സംവിധാനമൊന്നും അന്നില്ല. ജനലും വാതിലുമൊക്കെ അടച്ചുപൂട്ടിയാലും പുറത്തെ പക്ഷികളുടെയും വാഹനങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ അകത്തേക്ക് കയറിവരും. റെക്കോർഡിംഗ് സമയത്ത് കുറെ കുട്ടികളെ പുറത്തു നിർത്തേണ്ടിവന്നു കാക്കകളെ അടിച്ചോടിക്കാൻ." ശ്രീലത എന്ന ഗായികയാണ് കഴിഞ്ഞുപോയ കാലം" ആദ്യം പാടി റെക്കോർഡ് ചെയ്‌തത്. പിന്നീട് നിരവധി പേരുടെ ശബ്‌ദത്തിൽ ഈ ഗാനം മലയാളികൾ കേട്ടു, ദലീമയുടെ ആലാപനമായിരുന്നു കൂടുതൽ പ്രശസ്‌തം.


