തൃശ്ശൂർ: സുവോളജിക്കൽ പാർക്കിലെ തെരുവ് നായ ആക്രമണത്തിൽ പുള്ളിമാനുകൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഈ കാര്യം ഗുരുതരമായി കാണുമെന്നും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സമിതി രൂപീകരിച്ചതായും മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.
സംഭവസ്ഥലം അടിയന്തിരമായി സന്ദർശിക്കാൻ മന്ത്രി നിർദേശിച്ചതനുസരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി ജി. കൃഷ്ണൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി ജി. കൃഷ്ണൻ ഐ.എഫ്.എസ്, വനം വിജിലൻസ് വിഭാഗം സി.സി.എഫ് ശ്രീ. ജോർജ്ജി പി. മാത്തച്ചൻ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സഖറിയ എന്നിവരാണ് സമിതിയംഗങ്ങൾ. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിയ്ക്കാൻ സമിതിയ്ക്ക് നിർദേശം നല്‌കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കർശന നടപടികൾ സ്വീകരിയ്കാനും മന്ത്രി നിർദേശം നല്‌കി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.


