പലതരത്തിൽ വസ്ത്രങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. പത്രക്കടലാസ് ഉപയോഗിച്ച്, പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് വ്യത്യസ്ത വസ്ത്രങ്ങൾ ആളുകൾ ഉണ്ടാക്കുന്നത് കൗതുക വാർത്തകളാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? അത്തരത്തിൽ വീട്ടിലെ ഉപയോഗശൂന്യമായ സോഫ കവർ വസ്ത്രമാക്കിയിരിക്കുകയാണ് റേച്ചൽ ഡിക്രൂസ് എന്ന യുവതി. ചിലപ്പോൾ ഒരു ആവശ്യവുമില്ലാതെ വലിച്ചെറിയാൻ വച്ച വസ്തുക്കൾ ഇത്തരത്തിൽ പുനരുപയോഗിക്കാൻ ശ്രമിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലം ലഭിക്കാറുണ്ട്. അത്തരം ഒരു കാര്യമാണ് റേച്ചലിനും സംഭവിച്ചത്. സോഫയുടെ കവർ വസ്ത്രമാക്കി നിർമാണത്തിന്റെ വീഡിയോ പങ്കുവച്ചതോടെ സമൂഹ മാധ്യമത്തിൽ വലിയ പിന്തുണ ലഭിച്ചു.

തമാശയായി റേച്ചൽ സോഫ കവർ കൊണ്ട് വസ്ത്രമുണ്ടാക്കുകയും, വീഡിയോ പങ്കുവയ്ക്കുകയായിരുന്നു എന്നാൽ ഈ വീഡിയോ 8 മില്യൺ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. സോഫ കവറിൽ റേച്ചൽ നിർമിച്ച വസ്ത്രത്തിന് പ്രതീക്ഷിക്കാത്ത ഭംഗിയുണ്ടായിരുന്നതാണ് ആളുകളെ ആകർഷിക്കാൻ കാരണമായത്. റേച്ചൽ നിർമിച്ച വസ്ത്രം ഫാഷൻ ബ്രാൻഡായ ‘വെർസാച്ചെ’ക്ക് തുല്യമാണെന്ന് പോലും ഒരാൾ കമന്റ് ചെയ്തിരുന്നു. ഇത് വിൽക്കുന്നുണ്ടോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടത്.


