ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി തലസ്ഥാനം. ഭക്തജനലക്ഷങ്ങൾ വ്യാഴാഴ്ച ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിമുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.
പൊങ്കാല ദിവസം 4500 പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഷാഡോ, മഫ്തി പോലീസുകാരെയും വനിതാ പോലീസുകാരെയും വിന്യസിക്കും. കന്യാകുമാരിയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും നിരീക്ഷണം നടത്താനായി നൂറോളം സിസിടിവി കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൻ്റെ വിവിധ മേഖലകളിലും പോലീസ് സിസിടിവി കാമറകളിലൂടെ നിരീക്ഷണം നടത്തും. കൂടാതെ, നഗരത്തെ ആറ് പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോൺ നിരീക്ഷണവും നടത്തും.
പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാർക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നിർദേശിച്ചു. ആറ്റുകാൽ പൊങ്കാല ഇത്തവണയും പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങൾ ശുചിത്വമിഷൻ പൂർത്തിയാക്കി. തിരുവനന്തപുരം കോർപറേഷനും വിവിധ സർക്കാർ വകുപ്പുകൾക്കുമൊപ്പം ശുചിത്വ മിഷനും ഹരിത പൊങ്കാല സുഗമമായും സൗകര്യപ്രദമായും നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യുവി ജോസ് അറിയിച്ചു.