തീരക്കടലിൽ രാത്രികാല ട്രോളിംഗ് നടത്തിയ ബോട്ടിന് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് അധികൃതര്‍. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധനം നടത്തിവന്ന എറണാകുളം പള്ളിപ്പുറം സ്വദേശി കാവാലംകുഴി വീട്ടിൽ ഓമന ജോസഫിന്റെ ഉടമസ്ഥതയിലുള്ള അനീന എന്ന ബോട്ട് പിടിച്ചെടുത്തത്.
തീരക്കടലിൽ നിന്നും കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുക്കുന്ന മത്സ്യ ബന്ധന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കുമെന്നതിനാൽ രാത്രികാല ട്രോളിംഗും കരവലിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ചതാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗിച്ചാണ് തീരക്കടലിൽ ഈ രീതിയിൽ മത്സ്യ ബന്ധനം നടത്തുന്നത്.
പിടിച്ചെടുത്ത ബോട്ട് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ബോട്ടിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച എഴുപത്തി ആറായിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിനടക്കം ആകെ മൂന്ന് ലക്ഷത്തി അൻപത്തൊന്നായിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് രൂപ സർക്കാരിലേക്ക് പിഴ ഈടക്കി.
പ്രത്യേക പരിശോധനാ സംഘത്തിൽ ചേറ്റുവ മത്സ്യഭവൻ എഫ്.ഇ.ഒ ശ്രുതിമോൾ, എഫ്. ഒ സഹന ഡോൺ, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി എൻ പ്രശാന്ത് കുമാർ, വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സീ റെസ്ക്യൂ ഗാർഡ്മാരായ പ്രസാദ്, കൃഷ്ണപ്രസാദ് സ്രാങ്ക് ദേവസി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.