തൃശ്ശൂർ : നഗരമധ്യത്തിൽ പരിഭ്രാന്തി പരത്തി ബൈക്കുകളിൽ തീ പടർന്നു. ഷൊർണൂർ റോഡിൽ ജില്ലാ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകൾക്കാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചത്. മൂന്നും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.
ഇവിടെ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽനിന്നാണ് ആദ്യം പുകയുയർന്നത്. പിന്നാലെ തീ മറ്റു ബൈക്കുകളിലേക്ക് പടർന്നു. നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും ഇവിടെ പാർക്ക് ചെയ്തിരുന്നു. തീപടർന്നതോടെ സമീപത്തെ കടകളുടെ ഷട്ടറിട്ടു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മറ്റു വാഹനങ്ങൾ നീക്കിയശേഷമാണ് തീയണച്ചത്. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അമിതമായ ചൂടോ ഷോർട്ട് സർക്യൂട്ടോ ആയിരിക്കാമെന്ന് കരുതുന്നു.