തൃശ്ശൂർ: പേരാമംഗലത്ത് പാർക്ക്‌ചെയ്ത കാറിന്റെ ഗ്ലാസ് തകർത്ത് ഏഴുലക്ഷം രൂപ കവർന്നു. പേരാമംഗലം സ്വദേശി കടവി ജോർജിന്റെ കാറിലുണ്ടായിരുന്ന പണമാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പേരാമംഗലം പള്ളിക്കടുത്ത വഴിയിൽ കാർ പാർക്ക്ചെയ്തശേഷം പള്ളിയിൽപ്പോയ സമയത്താണ് മോഷണം.
പിൻസീറ്റിനോടുചേർന്ന ചില്ലുതകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. കാർ ഒതുക്കിയശേഷം പള്ളിയിൽപ്പോയി പത്തുമിനിറ്റിനകം തിരികെ എത്തിയപ്പോഴേക്കും കളവ് നടന്നിരുന്നു. തൃശ്ശൂരിലെ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് ജോർജ്. കടയുടമ സ്ഥലത്തില്ലാതിരുന്നതിനാൽ കളക്ഷനുമായി ജോർജ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ബുധനാഴ്ച ബാങ്കിലടയ്ക്കേണ്ട പണമാണ് മോഷണംപോയത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ പേരാമംഗലം പോലീസ് പരിശോധിച്ചുവരികയാണ്.
പണം കൊണ്ടുവരുന്നത് അറിഞ്ഞ് ജോർജിനെ തൃശ്ശൂരിൽ നിന്ന് പിൻതുടർന്നെത്തിയ സംഘമാണ് കാർ കൊള്ളയടിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് ക്യാമറ ഇല്ലാത്തതാണ് അന്വേഷണത്തെ ദുഷ്കരമാക്കുന്നത്.