തൃശ്ശൂർ: ജില്ലയിൽ മുങ്ങിമരണങ്ങൾ കൂടിയതിനാൽ സുരക്ഷ കർശനമാക്കാൻ ജില്ലാഭരണകൂടം. അപകടമേഖലകളിൽ വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും വിദ്യാർഥികൾക്ക് ബോധവത്കരണക്ലാസ് നൽകാനും കൂടുതൽപേർക്ക് നീന്തൽ പരിശീലനം നൽകാനും തീരുമാനമായി. കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
രണ്ടാഴ്ചയ്ക്കുള്ളിൽ അപകടകരമായ ജലാശയങ്ങളുടെ ഓഡിറ്റ് നടത്താൻ അഗ്നി രക്ഷാസേന, പോലീസ്, തദ്ദേശസ്വയംഭരണവകുപ്പ് എന്നിവയ്ക്ക് കളക്ടർ നിർദേശം നൽകി.
അപകടകരമായ സ്ഥലങ്ങളുടെ മാപ്പിങ് നടത്തണം. ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ആവശ്യമായ എല്ലാ ഭാഷകളിലും രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കണം. ലൈഫ് ജാക്കറ്റുകൾ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം സജ്ജമാക്കണം. കഴിയുന്നിടത്തെല്ലാം വേലിയൊരുക്കണം.
രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ അപകടമേഖലകളിൽത്തന്നെ ഒരുക്കണം.
സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ജലാശയ സുരക്ഷയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. നീന്തൽപഠനം പ്രോത്സാഹിപ്പിച്ച് ഇതിനാവശ്യമായ പരിശീലന മൊഡ്യൂളുകളും മാർഗനിർദേശങ്ങളും തയ്യാറാക്കണം. എൻ.എസ്.എസ്., എൻ.സി.സി. ക്യാമ്പുകളുടെ ഭാഗമായും ഇത്തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കണം. ജില്ലയിൽ ഒരു വർഷം കുറഞ്ഞത് പതിനായിരം പേർക്ക് നീന്തൽ പരിശീലനം നൽകാനാകും വിധം പദ്ധതികൾ ആവിഷ്‌കരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ക്ലബ്ബുകൾ, യുവജന സംഘടനകൾ, സ്‌പോർടസ് കൗൺസിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരിക്കും ഇത്തരം പദ്ധതികൾ നടപ്പാക്കുക. ഫെബ്രുവരിമുതൽ ഇത് നടപ്പാക്കാൻ കളക്ടർ നിർദേശിച്ചു.
പീച്ചിയിലെ ഇറിഗേഷൻ ഡിവിഷന്റെ കീഴിലുള്ള സ്വിമ്മിങ് പൂളിൽ പൊതുജനങ്ങൾക്ക് നീന്തൽ പരിശീലനം നൽകാൻ ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. കൂടുതൽ ആളുകളെ നീന്തൽ പരിശീലിപ്പിച്ച ക്ലബ്ലുകൾക്കും സ്ഥാപനങ്ങൾക്കും മേഖല തിരിച്ച് പുരസ്കാരങ്ങൾ നൽകും.
യോഗത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, സബ് കളക്ടർ അഖിൽ വി. മേനോൻ, എ.ഡി.എം. ടി. മുരളി, ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.