പുതിയ സാമൂഹിക സംഘടന പ്രഖ്യാപിച്ച പി വി അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അന്‍വറിന്റെ നീക്കങ്ങള്‍ അജണ്ടയുടെ ഭാഗമാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരാണ് അന്‍വറിന്റെ പരിപാടിയില്‍ എത്തിയത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയുമായി അന്‍വറിന് കൂട്ടുകൂടല്‍ ഇല്ല. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുകയാണ്. ചേലക്കരയിലും പാലക്കാടും ബിജെപിയുമായി ധാരണയെന്നത് ശുദ്ധ അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലാവുന്നവരില്‍ കൂടുതല്‍ പേരും മുസ്ലിം പേരുകാരാണെന്ന കെ ടി ജലീലിന്റെ പരാമര്‍ശവും എം വി ഗോവിന്ദന്‍ തള്ളി.സ്വര്‍ണ്ണക്കടത്ത് കേസുമായി സമുദായത്തെ ചേര്‍ത്തു കെട്ടേണ്ട കാര്യമില്ല. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന് പറയാന്‍ കഴിയില്ല. പക്ഷേ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ഇതൊന്നും കുറ്റകൃത്യമല്ലെന്ന ചിലയാളുകളുടെ ധാരണ മാറ്റണം. ഇക്കാര്യങ്ങളില്‍ മതപരമായ ഇടപെടല്‍ നല്ലതാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് പ്രതികളില്‍ ഭൂരിഭാഗവും മുസ്‌ലീങ്ങളെന്ന നിലപാട് ആവര്‍ത്തിച്ച് കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. വിഷയത്തെ അഭിമുഖീകരിക്കാതെ മുസ്‌ലിം സമുദായത്തില്‍ എന്ത് പരിഷ്‌കരണം നടത്താനാണ് ‘മലപ്പുറം പ്രേമികള്‍’ ശ്രമിക്കുന്നതെന്ന് ജലീല്‍ ചോദിച്ചു.