തൃശ്ശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ മൂന്നാം ദിവസവും വിജയകരമായി തുടരുന്നു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പരിപാടി ജനപങ്കാളിത്തവും വിദ്യാർത്ഥി പങ്കാളിത്തവുമായി സജീവമായി തുടരുകയാണ്. ദിശയുടെ ഭാഗമായി കരിയർ സെമിനാർ, രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 70തോളം സ്റ്റാളുകൾ,കുട്ടികളുടെ പേപ്പർ പ്രസൻ്റേഷൻ ഉൾപ്പെട്ട കരിയർ കോൺക്ലേവ്, കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ- ഡാറ്റ്) എന്നിവ ദിശയുടെ വേദിയിൽ എല്ലാ ദിവസവും സംഘടിപ്പിക്കുന്നുണ്ട്.
ലോക സെറിബ്രൽ പാൾസി ദിനമായ ഒക്ടോബർ 6ന് ദിശ കരിയർ എക്സ്പോയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ്ഗനിർദേശമേകാൻ സെമിനാർ സംഘടിപ്പിച്ചിരുന്നു. സെറിബ്രൽ പാൾസി ബാധിതനായിട്ടും ജീവിതത്തെ കരുത്തോടെ നേരിട്ട് കേരള സർക്കാരിന്റെ 2021 ലെ ഉജ്ജ്വല ബാല്യം ബഹുമതി അടക്കം നേടി മറ്റുള്ളവർക്ക് സ്വന്തം ജീവിതം ഒരു പാഠമാക്കി മാറ്റിയ അമൽ ഇഖ്ബാൽ, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം സൈക്കോളജിസ്റ്റ് ഡോ. പി കെ റഹ്മുദ്ദീൻ എന്നിവർ സെമിനാർ നയിച്ചു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ ദിശാ ബോധം നൽകാൻ സെമിനാർ സഹായകമായി.