ആമ്പല്ലൂർ മുന്നറിയിപ്പില്ലാതെയും സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കാതെയും അടിപ്പാത നിർമാണത്തിനായി സെന്ററിൽ ദേശീയപാത പൊളിച്ചുതുടങ്ങിയതോടെ വൻ ഗതാഗതക്കുരുക്ക്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഇന്നലെ വൈകിട്ട് പുതുക്കാട് സിഗ്നലും കടന്ന് മുപ്ലിയം റോഡ് വരെ വാഹനനിര നീണ്ടു. 15 മിനിറ്റോളം ഗതാഗതക്കുരുക്കിൽപ്പെട്ടാണ് വാഹനങ്ങൾ ആമ്പല്ലൂർ സെൻ്റർ പിന്നിട്ടത്. വൈകിട്ട് 5 മണിക്ക് ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ച സ്ഥിതിയായിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണത്തിൻ്റെ പേരിൽ ദേശീയപാതയിലെ ഗതാഗതം സർവീസ് റോഡിലേക്ക് നിയന്ത്രിച്ചതാണ് കുരുക്കിന് കാരണമെന്നു നാട്ടുകാർ ആരോപിച്ചു. സർവീസ് റോഡിൻ്റെ നിർമാണം തുടരുന്നതിനിടെയാണ് ദേശീയപാതയിലെ മധ്യഭാഗം പൊളിച്ചുതുടങ്ങിയത്. വീതി കുറഞ്ഞ സർവീസ് റോഡിനു താങ്ങാവുന്നതിലും അധികം വാഹനങ്ങളാണ് എത്തിയത്. സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കി 26ന് അടിപ്പാത നിർമാണം ആരംഭിക്കുമെന്നാണ് കലക്ടറുടെ യോഗത്തിൽ അറിയിച്ചിരുന്നത്.