ഗുരുവായൂർ : പാദരോഗത്തെ
‘ചവിട്ടിത്താഴ്ത്താൻ’ ആനകൾക്ക് ഷൂ വരുന്നു. പാദത്തിൽ മരുന്നുപുരട്ടുമ്പോൾ ചളിയോ മണ്ണോ കയറാതിരിക്കാൻ പാദരക്ഷ നല്ലതാണ്. അത്തരമൊരു ആലോചനയിൽനിന്നാണ് ഷൂ എന്ന ആശയം വന്നത്. പിടിയാന നന്ദിനിക്കാണ് ആദ്യം ഷൂ പണിയുന്നത്. പാദരോഗത്തിന് ശമനമായെങ്കിലും നന്ദിനിക്ക് ഇപ്പോഴും ചികിത്സയുണ്ട്. മരുന്നുവെള്ളത്തിൽ കാലിറക്കിവെച്ചുള്ള ചികിത്സ നിത്യേനയുണ്ട്.
പാദരോഗമുള്ള ആനകൾക്ക് നടക്കാൻ ഏറെ പ്രയാസമാണ്. വേദനമൂലം കാലുകൾ നിലത്തു കുത്താൻ പറ്റാത്ത സ്ഥിതിയുണ്ടാകാറുണ്ട്. കാലിൽ കല്ലുകൾ തറച്ചാൽ വേദനയുണ്ടാകും. കോൺക്രീറ്റിട്ട നടപ്പാതയിലൂടെ നടക്കാനും ബുദ്ധിമുട്ടാണ്. പാദരോഗമുള്ള ആനകൾ ഷൂ ധരിച്ച് നടന്നാൽ ഇത്തരം പ്രശ്‌ങ്ങളൊന്നും ഉണ്ടാകില്ല. വെയിലുള്ള സമയത്ത് നടക്കുമ്പോൾ ചൂടേൽക്കാതിരിക്കാനും നല്ലതാണ്.
കൊടുങ്ങല്ലൂരിലുള്ള ചെരിപ്പുനിർമാണക്കാരാണ് ആനഷൂ പണിയുന്നത്. ഇവർ അടുത്ത ദിവസം ആനക്കോട്ടയിലെത്തി നന്ദിനിയുടെ കാലിന്റെ അളവെടുക്കുമെന്ന് ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി പറഞ്ഞു. ആനകൾക്ക് പൊതുവേ ഷൂ പരീക്ഷിക്കാറില്ലെങ്കിലും ചികിത്സാർഥം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ആനചികിത്സകൻ ഡോ. പി.ബി. ഗിരിദാസ് പറഞ്ഞു.