മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്‌മാൻ കെ.ജി ജോർജ് ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. ചലച്ചിത്രകലയെ അടിമുടി നവീകരിച്ചു, കാലം കഴിയും തോറും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കെ.ജി ജോർജിനെപ്പോലെ മറ്റൊരു അപൂർവ്വ പ്രതിഭയ്ക്ക് മലയാള സിനിമ വേറെ ജന്മം നൽകിയിട്ടില്ല. മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്ന ആർക്കും സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് കെ ജി ജോർജ് സിനിമകൾ.
കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് അദ്ദേഹം. ഇരുപതോളം സിനിമകളേ കെ ജി ജോർജ് ചെയ്തിട്ടുള്ളൂ എന്നാൽ മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് അദ്ദേഹം തിരികൊളുത്തി.
നായക- നായിക സങ്കൽപ്പങ്ങളെ കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ ചോദ്യം ചെയ്തു. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിൻ്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. യവനിക, സ്വപ്നാടനം, ആദാമിൻ്റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചു. 2016ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെസി ഡാനിയേൽ പുരസ്‌കാരത്തിനും അർഹനായി. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.
മലയാള സിനിമയെ സാഹിത്യഭാഷയിൽ നിന്ന് ദൃശ്യഭാഷയിലേക്ക് മോചിപ്പിച്ചത് കെ ജി ജോർജാണ്. വിസ്മയകരമായ വൈവിധ്യമാണ് അതിൻറെ കാതൽ. ഓരോ കാഴ്ചയിലും ഓരോ തരം അനുഭവങ്ങളും അത്ഭുതങ്ങളുമാണ് ഇന്നും ജോർജിൻറെ സിനിമകൾ.
1946 മേയ് 24ന് കെ.ജി സാമുവലിൻ്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലാണ് കെജി ജോർജ് ജനിച്ചത്. കുളക്കാട്ടിൽ ഗീവർഗ്ഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. 1968ൽ കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദവും 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. 1972ൽ രാമു കാര്യാട്ടിന്റെ ‘മായ’ എന്നചിത്രത്തിൻ്റെ സംവിധാന സഹായിയായി സിനിമാ ജീവിതത്തിലേക്ക് പ്രവേശിച്ചു. രാമുകാര്യാട്ട് സംവിധാനം ചെയ്ത 1974ലെ ‘നെല്ലിൻ്റെ തിരക്കഥാകൃത്ത് എന്ന നിലയിൽ ആസ്വാദകരുടേയും നിരൂപകരുടേയും ശ്രദ്ധനേടി കെ ജി ജോർജ്.
ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിർമ്മിച്ചത് കെ.ജി.ജോർജായിരുന്നു. 2023 സെപ്റ്റംബർ 24 ന് ആ ജീവിതത്തിൻറെ യവനിക താഴ്ന്നു.