Thursday, October 10, 2024
HomeBlogകുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ പരാതി പ്രവാഹം
spot_img

കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ പരാതി പ്രവാഹം

കുന്നംകുളം ഓണമെത്തിയതോടെ പട്ടണത്തിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയില്ലെന്നാരോപിച്ചു കൗൺസിൽ യോഗത്തിൽ പരാതി പ്രവാഹം. വൺവേ സംവിധാനം നടപ്പാക്കാൻ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ബസുടമകൾ നിർദേശിക്കുന്നതു പോലെയാണു പട്ടണത്തിലെ ഗതാഗത സംവിധാനം നടപ്പാക്കുന്നതെന്നാണു കോൺഗ്രസ് അംഗങ്ങളുടെ ആക്ഷേപം. സിപിഎം ഭരണസമിതിയെ പിൻതുണക്കുന്ന സ്വതന്ത്ര അംഗം ടി.സോമശേഖരനും ഈ ആരോപണം ശരിവച്ചു.

പുതിയ ബസ് ടെർമിനലിനെ നോക്കുകുത്തിയാക്കി തോന്നിയ പോലെയാണ് പട്ടണത്തിൽ ബസുകൾ ഓടുന്നതെന്ന് ടി.സോമശേഖരൻ പറഞ്ഞു. അപകടങ്ങളുണ്ടാകും മുൻപ് ഗതാഗതം പ്രശ്നം പരിഹരിക്കണമെന്നു കോൺഗ്രസിലെ ലെബീബ് ഹസൻ ആവശ്യപ്പെട്ടു. ബസുകാർ സംഘടിതരായി എത്തി ട്രാഫിക് അവലോകന യോഗങ്ങൾ കൈയടക്കുകയാണെന്ന് കോൺഗ്രസിലെ ബിജു സി.ബേബി ആരോപിച്ചു. യോഗം വിളിച്ചു ട്രാഫിക് ക്രമീകരണങ്ങൾക്കു നിർദേശം നൽകിയതാണെന്നും അത് കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുമെന്നും നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ പറഞ്ഞു. ബസ് ടെർമിനലിലെ പൊലീസ് എയ്ഡ് പോസ്‌റ്റ് തുറക്കാൻ വൈകുന്നത് പൊലീസുകാരുടെ കുറവ് കാരണമെന്നും വിശദീകരിച്ചു.

ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി

കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. നഗരസഭയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിലും അതിദരിദ്രരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചാണിത്. നഗരസഭാധ്യക്ഷയുടെ മറുപടി കേൾക്കാൻ കാത്തുനിൽക്കാതെയാണു ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതെന്നു സിപിഎം അംഗങ്ങൾ ആരോപിച്ചു.

നടുറോട്ടിലുള്ള ഓട്ടോറിക്ഷ ഇനിയും നീക്കിയില്ല കുന്നംകുളം പട്ടണത്തിൽ മൂന്നാഴ്‌ച മുൻപ് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ഇനിയും അപകട സ്‌ഥലത്തുനിന്നു നീക്കിയില്ല. ജവാഹർ സ്ക്വയർ സ്റ്റേഡിയം ജംക്‌ഷനിൽ ഗതാഗത തിരക്ക് ഏറെയുള്ള റോഡിനു നടുവിൽ ഡിവൈഡറുകൾക്കു ചേർന്നാണ് ഓട്ടോറിക്ഷ അനാഥമായി കിടക്കുന്നത്. ഗതാഗതക്കുരുക്കു കാരണം വലയുന്ന പട്ടണത്തിലെ പ്രധാന വീഥിയിലാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന വിധം ഓട്ടോറിക്ഷയുള്ളത്. പൊലീസ് സ്‌റ്റേഷൻ, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലേക്കു ഇതിലെയാണു പോകുന്നതെങ്കിലും അധികൃതർ നടുറോഡിലിട്ടുള്ള വാഹനം നീക്കാൻ നടപടിയെടുക്കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments