തൃശൂർ കർക്കശക്കാരനായ ഭരണാധികാരിയായിരുന്നു ഇന്നലെ അന്തരിച്ച പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡന്റ് കെ.മനോഹരൻ. കരുവത്തിൽ കേശവൻ നായരുടെയും കുന്നമ്പത്ത് ദാക്ഷായണി അമ്മയുടെയും മകനായി 1937ലാണു ജനനം. കോളജ് വിദ്യാഭ്യാസ കാലത്ത് കോൺഗ്രസ് സഹയാത്രികനായിരുന്ന മനോഹരൻ കെഎസ്, യൂത്ത് കോൺഗ്രസ് സംഘടനകളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. കെഎസ് ജില്ലാ നേതാവായി രുന്നു. 1960ൽ രാഷ്ട്രീയം വിട്ടു ടെലികോമിൽ ഉദ്യോഗസ്ഥനായി. പാറമേക്കാവ് ദേവസ്വത്തിൽ അഞ്ചരപ്പതിറ്റാണ്ടിലേറെക്കാലം പല ചുമതലകൾ വഹിക്കുകയും ഒട്ടേറെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
1956ലാണു പാറമേക്കാവ് ദേവസ്വം ഭരണസമിതിയിൽ കിഴക്കും പാട്ടുകര ദേശത്തെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റി അംഗം, ജോയിന്റ് അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. പുഴയ്ക്കലിൽ ഭൂമി വാങ്ങി പാറമേക്കാവ് വിദ്യാമന്ദിർ സ്കൂൾ, ശാന്തിഘട്ട് എന്നിവ നിർമിക്കാൻ ദേവസ്വത്തെ മുന്നിൽ നിന്നു നയിച്ചത് മനോഹരനാണ്. സ്വരാജ് റൗണ്ടിലുള്ള ദേവസ്വത്തിന്റെ പഴയ പത്തായപ്പുര കെട്ടിടം പുതുക്കി നിർമിക്കാനും സജീവമായി പ്രവർത്തിച്ചു. ദേവസ്വത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.
സർക്കാർ പുറമ്പോക്കായിരുന്ന പാറമേക്കാവ് ഷേത്രക്കുളം ദേവസ്വത്തിന്റെ പേരിൽ പതിച്ചു കിട്ടാനുള്ള ശ്രമത്തിലും വലിയ പങ്കുവഹിച്ചു. 1964ൽ തൃശൂർ പൂരം പ്രദർശനം തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ഏറ്റെടുത്തതു മുതൽ പ്രദർശനക്കമ്മിറ്റിയുടെ അവിഭാജ്യഘടകമായിരുന്നു. 13 വർഷം കമ്മിറ്റി പ്രസിഡന്റും 6 വർഷം സെക്രട്ടറിയുമായിരുന്ന അദ്ദേഹം പൂരം പ്രദർശനത്തിനു പുതിയ അടുക്കും ചിട്ടയും നൽകി. പൂരം പ്രദർശന നടത്തിപ്പ് ദേവസ്വങ്ങളിൽ നിന്നു മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിയമനടപടികൾക്കും നേതൃത്വം നൽകി. ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും കൊച്ചിൻ ദേവസ്വം ബോർഡുമായി പ്രശ്നങ്ങളുണ്ടായപ്പോൾ അവരെ സംഘടിപ്പിച്ച് എച്ച്ആർഐപിസി എന്ന സംഘടന രൂപീകരിക്കുകയും പ്രശ്ന പരിഹാരത്തിനു മുന്നിൽ നിൽക്കുകയും ചെയ്തു. കേരളത്തിൽ വിവിധ ഉത്സവങ്ങളോടനുബന്ധിച്ചു വെടിക്കെട്ടു നടത്തുന്ന കമ്മിറ്റികളുടെ കൂട്ടായ്മയ്ക്കും നേതൃത്വം നൽകി. തേക്കിൻകാട് മൈതാനിയെ മോ ടിപിടിപ്പിക്കാൻ മുൻകയ്യെടുത്ത മനോഹരൻ നാൽപതിലേറെ വൃക്ഷത്തറകൾ കെട്ടിയ സൗന്ദര്യവൽക്കരണ സമിതിയുടെ അമരക്കാരനായിരുന്നു. 2020ൽ പൂര പ്രേമി സംഘത്തിന്റെ പ്രഫ.എം. മാധവൻകുട്ടി സ്മാരക അവാർഡ് ലഭിച്ചിരുന്നു.