വാടാനപ്പള്ളി: ദേശീയപാത 66-ലെ തൃത്തല്ലൂർ മീൻചന്ത സ്റ്റോപ്പിന് സമീപംസ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ബസിലുണ്ടായിരുന്ന 32 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.20- നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസും എതിരേ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ തമിഴ്‌നാട് ഈറോഡ് സ്വദേശി അരുൺ (35) ആണ് മരിച്ചത്.
പരിക്കേറ്റ ബസ് യാത്രക്കാരായ നിവ്യ, ജസിയ, അഷ്‌ന, അറഫ, സത്യാ വരദൻ, അലി അഹമ്മദ്, നിധിൻരാജ്, ഷെരീഫ, ലതിക, സുദർശൻ, അയിഷ, സുനിൽ, ഹരിദാസൻ, നീലാഞ്ജന, ഇർഫാൻ, ഫൗസിയ, നന്ദഗോപാൽ, നിഖിൽ, ഷെരീഫ, ആർദ്ര, ജിനി, നിവേദ്യ, അപർണ, നസീമ, പി.കെ. വിഷ്ണു മൈമുന, മയൂരി, സോമസുന്ദരൻ, ജിത, നിഹിധ്, അൻസാർ എന്നിവരെ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനുംപേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
സഹചാരി സെന്റർ, വാടാനപ്പള്ളി ആക്ട്‌സ്, ടോട്ടൽ കെയർ, മെക്സിക്കാന, ഷാ തുടങ്ങി ആംബുലൻസുകളിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ത്യശ്ശൂരിലെ അശ്വിനി ആശുപത്രിയിലും എത്തിച്ചു. ബസ് മീൻചന്ത സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റി മുന്നോട്ടെടുത്ത ഉടനെയായിരുന്നു അപകടം.
ലോറി എതിർഭാഗത്തുനിന്ന് വന്ന ബസിലും മരത്തിലും ഇടിക്കുകയായിരുന്നു. കാബിനിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ നാട്ടിക അഗ്നിരക്ഷാസേന വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടയിൽ സഹചാരി ആംബുലൻസ് ഡ്രൈവർ എ.എ. മുഹമ്മദ് സാബിറിന് കൈയ്ക്ക് പരിക്കേറ്റു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. ക്രെയിൻ എത്തിച്ച് ലോറിയും ബസും മാറ്റിയാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.