പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തത്. എറണാകുളം നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 354 ചുമത്തി. കൊച്ചി സിറ്റി കമ്മിഷണർക്ക് ഇ-മെയിൽ മുഖേനെയാണ് നടി പരാതി നൽകിയിരുന്നത്.
ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. കടവന്ത്രയിലെ ഫ്‌ളാറ്റിൽവെച്ചാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ദുരനുഭവം വിവരിച്ചായിരുന്നു നടിയുടെ പരാതി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയ സിനിമ മേഖലയിലേ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത് സംവിധായകൻ രഞ്ജിത്തിനെതിരെയാണ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കെത്തുന്ന ആദ്യ കേസ് ആണ് രഞ്ജിത്തിനെതിരെയുള്ളത്. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.