Sunday, December 22, 2024
HomeBREAKING NEWSരഞ്ജിത്തിന്റെ രാജിക്കായി മുറവിളി; സര്‍ക്കാര്‍ പ്രതിരോധത്തില്‍
spot_img

രഞ്ജിത്തിന്റെ രാജിക്കായി മുറവിളി; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണം തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും നടപടി ഉണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. പരാതിപ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും സതീദേവി പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സാംസ്‌കാരിക മന്ത്രിക്ക് സംവിധായകന്‍ രഞ്ജിത്ത് ഇതിഹാസമായിരിക്കാം. പക്ഷെ ലൈംഗിക ആരോപണം നിസാരമല്ല. നടി വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരുനിമിഷം പോലും ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അതിനാല്‍ രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ഡോ.ബിജു ആവശ്യപ്പെട്ടു.

രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബയും ആവശ്യപ്പെട്ടു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് വനിതാ ആക്റ്റിവിസ്റ്റുകളും കൂട്ട നിവേദനം നല്‍കി. രഞ്ജിത്ത് മാറുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. കളങ്കമുണ്ടായാല്‍ ഏതു സ്ഥാനത്തു നിന്നും മാറിനില്‍ക്കണമെന്ന് നടന്‍ അനൂപ് ചന്ദ്രനും അഭിപ്രായപ്പെട്ടു. താനായിരുന്നെങ്കില്‍ മാറിനില്‍ക്കുമായിരുന്നു എന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സംവിധായകന്‍ ആഷിഖ് അബു ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments