കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്കൊപ്പം നിന്ന് മാതൃകാപരമായി പ്രവർത്തിക്കുമ്പോൾ പുഴുക്കുത്തുകൾ ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം നോർത്ത് ടൗൺ ഹാളിൽ ജില്ലാതല തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ തലങ്ങളിലുള്ള പുഴു ക്കുത്തുകൾ കൂടി ഉപേക്ഷിച്ചാൽ മികവാർന്ന രീതിയിൽ നാടിന് മുന്നേറാൻ കഴിയും. ഏതെങ്കിലും മേഖലയിലുള്ള ജീർണ്ണതകൾ പൂർണമായി ഒഴിവാക്കാൻ ഇത്തരം അദാലത്തുകളിലൂടെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും അധികം ജനങ്ങൾ ബന്ധപ്പെടുന്ന സ്ഥാപനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. മാലിന്യമുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ നല്ല പുരോഗതിയാണ് തദ്ദേശസ്ഥാപനങ്ങൾ കൈവരിക്കുന്നത്. കേരളത്തിൽ നാലു മിഷനുകൾ മാതൃകാപരമായി നടപ്പാക്കി. ഈ നാലു മിഷനുകളുടെയും ഫലപ്രദമായ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് നടന്നത്. ലൈഫ് പദ്ധതിയുടെ വിജയം തദ്ദേശസ്ഥാപനങ്ങളുടെ തിളക്കമാർന്ന പ്രവർത്തന മികവിന്റെ തെളിവാണ്. ഹരിത കേരളം മിഷന്റെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും മികച്ച പ്രവർത്തനങ്ങളാണ് നടന്നത്. ആർദ്രം പദ്ധതിയിലൂടെ ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും ഫലപ്രദമായ ഇടപെടലിലൂടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെയും നേഴ്സിൻ്റെയും സേവനം തദ്ദേശസ്ഥാപനങ്ങൾ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിലും തദ്ദേശസ്ഥാപനങ്ങൾ വഹിച്ച പങ്ക് വലുതാണ്. നാടിൻറെ മാറ്റത്തിൽ സുപ്രധാനമായ പങ്കുവഹിച്ചു കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നത്. നാടിൻ്റെ ഈ മാറ്റം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന വിജയം കൊണ്ടുകൂടി ഉണ്ടായതാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ 40,000 ത്തോളം കുടുംബങ്ങളെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യ വിമുക്തമാക്കാൻ കഴിഞ്ഞു.
ദുരന്ത മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ജനങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം അത്രത്തോളം പ്രശംസനീയം ആണോ എന്ന് സംശയമാണ്. ഇത് എന്തുകൊണ്ടാ ണെന്ന് തദ്ദേശ സ്ഥാപനങ്ങളിൽ പരാതികളുമായി എത്തുന്ന ജനങ്ങളോട് ഇടപെടുന്ന ഉദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഈ നല്ല പേര് നിലനിർത്താനും കൂടുതൽ ശക്തിപ്പെടുത്താനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണോ ചില തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്നത് എന്ന് പരിശോധിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല ജനങ്ങളെ സേവിക്കലാണ് തങ്ങളുടെ ജോലി എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനാണ് 900 സേവനങ്ങൾ ഓൺലൈൻ ആക്കിയത്. തദ്ദേശസ്ഥാപനങ്ങളിൽ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനാണ് കെ-സ്മാർട്ട് പദ്ധതി നടപ്പാക്കിയത്. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന ജനങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കാൻ ഇതുവഴി കഴിഞ്ഞു. കാലതാമസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി കഴിയും. എന്നാൽ സേവനങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമ്പോൾ ഗുണം ലഭിച്ചിരുന്ന ചെറിയൊരു വിഭാഗമുണ്ടായിരുന്നു. ഇത്തരം ആളുകൾ കെ-സ്മാർട്ട് പദ്ധതിയെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. ഇതുകൊണ്ട് പദ്ധതി മുടക്കാൻ കഴിയില്ല. ശീലങ്ങൾ മാറ്റുകയേ വഴിയുള്ളൂ. പ്രശ്നങ്ങൾ അതിവേഗം തീർപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ മേശയ്ക്ക് മുന്നിൽ വന്ന് ഓച്ഛാനിച്ച് നിൽക്കേണ്ട കാര്യം ജനങ്ങൾക്കില്ല. കാലത്തിനനുസരിച്ച് മാറുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ജനങ്ങൾക്ക് ഒരു കാര്യത്തിലും കാലതാമസം അനുഭവപ്പെടാൻ പാടില്ല. ജനങ്ങൾ വിവിധ കാര്യങ്ങൾക്കായി നൽകുന്ന അപേക്ഷകളിൽ പിഴവുകളുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കണം. പിഴവില്ലാത്ത കാര്യങ്ങൾ ഉടൻ അംഗീകരിക്കണം. പിഴവുകൾ തിരുത്തി നൽകിയാൽ കാലതാമസമില്ലാതെ അവയും അംഗീകരിച്ചു നൽകണം.
വയനാട് ദുരന്തം നാടിനെ ആകെ വേദനിപ്പിക്കുന്ന ഘട്ടമാണിത്. ഏത് ദുരന്തത്തിലും ഒരുമയോടെയും ഐക്യത്തോടെയും നിന്ന് കേരളം മാതൃകയാവുകയാണ്. ദുരന്തത്തിൽ ഇരയായവരുടെ ആശ്വാസത്തിന് ഔദ്യോഗിക സംവിധാനങ്ങൾ എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ രംഗത്തിറങ്ങി. ഔദ്യോഗിക സംവിധാനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും മികച്ച ഏകോപനമാണ് നടന്നത്. സ്വന്തം ജീവൻ വൽക്കരിച്ച് ജനങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങി. ദുരന്തത്തിന്റെ നഷ്ടംപേറി ജീവിക്കുന്നവരെ മാതൃകാപരമായി പുനരധിവസിപ്പിക്കുകയാണ് ഇനി സർക്കാരിൻ്റെ ലക്ഷ്യം. ഇക്കാര്യത്തിലും വലിയ പിന്തുണയാണ് നമ്മുടെ നാട് നൽകുന്നത്. ഒറ്റപ്പെട്ടുപോയവരുടെയും ദുരിതബാധിതരുടെയും മാനസികാഘാതം മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തണം. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ദുരന്തബാധിത മേഖല വാസയോഗ്യമല്ല എന്നതായിരുന്നു വിദഗ്ധസംഘത്തിൻ്റെ ആദ്യ പ്രതികരണം. അതുകൊണ്ട് പുനരധിവാസത്തിനായി പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതരെ സംരക്ഷിക്കുക ജീവനോപാധികൾ ഉറപ്പാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തൊഴിൽ ഉറപ്പാക്കുക പരിക്കേറ്റവർക്ക് പതിയായ പരിചരണം ലഭ്യമാക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നത് അംഗഭംഗം വന്നവർക്ക് പ്രത്യേകമായ പരിചരണവും ആവശ്യമാണ്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ദേശീയ ഏജൻസികൾ കൃത്യതയോടെ നൽകണം. സംസ്ഥാനം എന്ന നിലയിൽ നമ്മുടേതായ തലത്തിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ആലോചനകൾ നടന്നുവരുന്നു. ഇത്തരം ഘട്ടങ്ങളിൽ സാധാരണ മുന്നറിയിപ്പുകൾ പോലും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കും. വയനാട് സംഭവിച്ചതിന് സമാനമായിരുന്നു കോഴിക്കോട് വിലങ്ങാടുമുണ്ടായത്. എന്നാൽ കാലാവസ്ഥ മാറിയപ്പോൾ നാട്ടുകാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ഇവിടെ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞു. ആരുടെയും ജീവൻ നഷ്ടപ്പെടാതിരുന്നത് ഈ കരുതലിന്റെ ഭാഗമായാണ്. അപകടമേഖലായ പ്രദേശങ്ങൾ നാടിന്റെ പ്രത്യേകത കൊണ്ട് അറിയാൻ കഴിയും. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ മാർഗ്ഗത്തിലൂടെയും വിവിധ ഏജൻസികളുടെ പ്രവർത്തനത്തിലൂടെയും നാട്ടറിവുകളുടെ ഭാഗമായും ഏകോപനത്തോടെയുള്ള പ്രവർത്തനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി. ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ. ബാബു, കെ.എൻ. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ,
തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.