തൃശൂര്‍: കേരളത്തെ നവകേരളമായി നിര്‍മ്മിച്ചെടുത്തതില്‍ മഹത്തരമായ പങ്കാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ചതെന്നും അതിന് നേതൃത്വം വഹിച്ചത് സി അച്യുതമേനോനായിരുന്നുവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച സി അച്യുതമേനോന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി അച്യുത മേനോന്‍ എന്നത് കേവലമൊരു പേരല്ല. അത് ഒരു ആഹ്വാനവും ഒരു താക്കീതും ഒരു മുന്നറിയിപ്പും പതറാതെ മുന്നോട്ടു പോകാനുള്ള നിര്‍ദ്ദേശവുമാണ്. അതുകൊണ്ടാണ് ആ പേര് കാലാതിവര്‍ത്തിയായി നിലകൊള്ളുന്നത്. കേരളത്തില്‍ ജന്മിത്വത്തെ കുഴിച്ചുമൂടിയത് ആ ക്രാന്തദര്‍ശിയായ കമ്മ്യൂണിസ്റ്റായിരുന്നു. മറക്കാന്‍ പാടില്ലാത്ത ഓര്‍മ്മകളാണത്. അച്യുതമേനോന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ക്രാന്തദര്‍ശിത്വത്തിന്റെയും തെളിവാണ് ഇന്ന് കേരളത്തില്‍ കാണുന്ന തലയെടുപ്പുള്ള പൊതു സ്ഥാപനങ്ങളെല്ലാം. പുതിയ ചില അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ സി അച്യുതമേനോന്‍ എന്ന ആധാരശിലയെ മറന്നുപോകരുത്. അവഗണിക്കാനാകാത്ത ശരിയുടെ പേരാണ് സി അച്യുതമേനോന്‍.
ഈ കാലഘട്ടത്തിന്റെ അളവുകോല്‍ വെച്ച് അളന്നാല്‍ പുതിയ തലമുറയ്ക്ക് സി അച്യുതമേനോനെ മനസ്സിലാകണമെന്നില്ല. എന്നാല്‍, മഹത്തായ ആ വ്യക്തിത്വത്തെ അറിയാനും മനസ്സിലാക്കാനും പഠിക്കാനും കഴിയണം. ഇടതുപക്ഷം എന്നാല്‍ നൈതികബോധത്തിന്റെ പേരാണ്. പുതുതലമുറയില്‍ അരാഷ്ട്രീയ നിലപാടുകള്‍ വര്‍ദ്ധിച്ചു വരികയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ രാഷ്ട്രീയം വന്ധ്യമാകാന്‍ അനുവദിച്ചു കൂടാ. നവോത്ഥാനത്തിന്റെ വിത്തുകള്‍ വാരിവിതറിയ മുഴുവന്‍ പേരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദരവോടെയാണ് കാണുന്നത്.
സി അച്യുത മേനോന്‍ സമം അടിയന്തരാവസ്ഥ എന്നു പറയുന്ന സമവാക്യത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോഴുമത് ആവര്‍ത്തിച്ചു പറയുന്നത് ഭിന്നിപ്പിന്റെ ഗുരുതര രോഗം ബാധിച്ചവരാണ്. സി അച്യുതമേനോന്‍ എന്ന തേജോമയനായ കമ്മ്യൂണിസ്റ്റ് സൂര്യനെ ഒരു നുണയുടെ മുറംകൊണ്ടും മൂടിവെക്കാന്‍ കഴിയില്ല എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെ സി അച്യുതമേനോന്‍ എന്‍ഡോവ്മെന്റ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വിതരണം ചെയ്തു. ജന്മിത്വവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ ട്രിബ്യൂണല്‍ കേസുകളും 2026 ഓടു കൂടി തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
2023-24 അധ്യയനവര്‍ഷം തൃശൂര്‍ സിഎംഎസ് സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ആദിത്യന്‍ കെ ബി, സെന്റ് തോമസ് കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു ബയോളജി സയന്‍സില്‍ മികച്ച വിജയം നേടിയ ക്രിസ്റ്റോ ഫ്രാന്‍സിസ്, സെന്റ് തോമസ് കോളേജില്‍ നിന്ന് ബി എസ് സി മാത്തമാറ്റിക്സില്‍ ഉന്നതവിജയം നേടിയ സോനാ പി എസ് എന്നിവര്‍ എന്‍ഡോവ്മെന്റുകള്‍ ഏറ്റുവാങ്ങി. സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദിയാമോള്‍ എം ആര്‍, ഗോകുല്‍, രണ്ടാം സ്ഥാനം നേടിയ അഭിജിത്ത് പി സുധീര്‍, ബാവിന്‍ മാധവ് കെ എസ് (കുസാറ്റ്, കളമശ്ശേരി), മൂന്നാം സ്ഥാനം നേടിയ സജിത്ത് എന്‍ എസ്, ശ്രീരാഗ് ആര്‍(വ്യാസ കോളേജ്, വടക്കാഞ്ചേരി) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
സി പി ഐ സംസ്ഥാന എക്സി.അംഗം സി എന്‍ ജയദേവന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. വി എസ് സുനില്‍ കുമാര്‍, പി ബാലചന്ദ്രന്‍ എം എല്‍ എ, ഷീല വിജയകുമാര്‍, കെ പി സന്ദീപ്, സി അച്യുത മേനോന്റെ മകന്‍ ഡോ: വി രാമന്‍കുട്ടി, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി പി ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം വി എസ് പ്രിന്‍സ് നന്ദിയും പറഞ്ഞു.