Sunday, December 22, 2024
HomeCity Newsതൃശൂര്‍ പൂരം; പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു
spot_img

തൃശൂര്‍ പൂരം; പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു

തൃശൂര്‍ പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു. തൃശൂര്‍ പൂരം നടത്തിപ്പില്‍ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്‍കി ക്രമീകരണങ്ങൾ പരിഷ്ക്കരിച്ച് ജനസൗഹൃദമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവപൂരം നടത്തിപ്പാണ് ലക്ഷ്യം. നിലവിലുള്ള പ്രശ്‌നങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതേസമയം, നിയമങ്ങള്‍ അനുസരിച്ച്, ആചാരങ്ങൾ പാലിച്ച് പൂരം നടത്തിപ്പിന് പുതിയ രൂപരേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ആചാര ക്രമങ്ങളില്‍ യാതൊരു മാറ്റവും വരുത്തില്ല. എന്നാൽ പ്രായോഗിക തലത്തിൽ എല്ലാ വിഷയങ്ങളും പരിശോധിച്ച് ക്രോഡീകരിച്ച് സാങ്കേതിക, നിയമ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരും. കോടതി അംഗീകരിക്കുന്ന പുന:ക്രമീകരണം നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വെടിക്കെട്ട് പ്രദര്‍ശനം, കാണികള്‍ക്ക് വീക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ ദൂരം, ആന എഴുന്നള്ളിപ്പ്, വിവിധ ചടങ്ങുകള്‍, പൊലീസ് നിയന്ത്രണം, ഗതാഗതം, വഴിയോര കച്ചവടം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ ഭരണകൂടം, തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥന്‍ ദേവസ്വം ഭാരവാഹികള്‍, വെടിക്കെട്ട് ലൈസന്‍സികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അടുത്ത ജനുവരിയോടെ രൂപരേഖ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായാണ് യോഗം നടത്തിയതെന്നും റിപ്പോര്‍ട്ട് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയുഷ് ഗോയലിന് സമര്‍പ്പിക്കുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

റവന്യൂ മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. പെസോ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാണ് പൂരം നടത്തിപ്പ് നിര്‍വഹിച്ചിരുന്നതെന്നും കൂട്ടായ ചര്‍ച്ചയിലൂടെ പൂരപ്രേമികള്‍ക്ക് സുഗമമായി പൂരം വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റിലെ എക്‌സി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഡെപ്യൂട്ടി സെക്രട്ടറി ഭുവനേഷ് പ്രതാപ് സിങ്, വിശാല്‍ ത്രിപാദി, ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് പി. കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, എ.ഡി.എം ടി മുരളി, അസി. കലക്ടര്‍ അതുല്‍ സാഗര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാല്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍, ദേവസ്വം പ്രതിനിധികള്‍, വെടിക്കെട്ട് ലൈസന്‍സി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments