ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്.
വെള്ളിമെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഫൈനൽ മത്സരത്തിന് ശേഷമായിരുന്നു വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്.
ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.
മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്.
രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.