അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാൻ എത്തും. കായിക മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദർശിക്കുന്നതിന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കും.
നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.
2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വർഷം ആദ്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ നേരത്തേ അറിയിച്ചിരുന്നു.