കേരളത്തെ നടുക്കിയ വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് നടൻ മേജര്‍ രവിയുടെ സെല്‍ഫി. നടനും ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെൽഫിയാണ് പങ്കുവെച്ചത്. ചിത്രത്തിനെതിരെ വ്യാപകമായ വിമർശനമാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്നത്. പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചിയെന്ന എക്സ് പേജിലാണ് മേജർ രവി സെൽഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും നിലവിൽ. അങ്ങനെയുള്ള ദുരന്തഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രർത്തികൾ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെൽഫിയെടുത്തത് ശരിയായില്ലെന്നുമാണ് വിമർശനം ഉയരുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആളുകള്‍ പ്രതികരിച്ചു.
മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് ഇന്ന് രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹൻലാൽ എത്തിയത്. ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്.
ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ അവിടെ ഉണ്ടാകും. മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളും അദ്ദേഹം സന്ദർശിക്കും. കോഴിക്കോട് നിന്നും റോഡുമാര്‍ഗമാണ് മോഹന്‍ലാല്‍ വയനാട്ടിലെത്തിച്ചേർന്നത്. മോഹൻലാൽ സൈനികവേഷത്തിയ ചിത്രങ്ങളുമെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി നേരത്തെ അദ്ദേഹം 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.