കൊട്ടാരക്കര പള്ളിക്കൽ ആലുംചേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. 50 വയസുള്ള സരസ്വതി അമ്മയെയാണ് ഭർത്താവായ സുരേന്ദ്രൻ പിള്ള കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനുശേഷം സുരേന്ദ്രൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് രാവിലെ പത്തര മണിയോടെയാണ് സുരേന്ദ്രൻ പിള്ള ഭാര്യ സരസ്വതിയെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം വീടിനുള്ളിൽ വെച്ച് പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തു ഞെരിച്ചു. അതിനു ശേഷം കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയായിരുന്നു. മകന്റെ ഭാര്യയും കുഞ്ഞും സമീപത്തുള്ള ബന്ധു വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
കൊലയ്ക്ക് ശേഷം മകന്റെ ഭാര്യയെ ഫോണിൽ വിളിച്ച് സരസ്വതി അമ്മയെ വീട്ടിൽ കൊന്നിട്ടതായി പ്രതി അറിയിച്ചു. പിന്നാലെ സുരേന്ദ്രൻ പിള്ള കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. വീട്ടിൽ പൊലീസ് ഇൻക്വസ്റ്റും ഫോറൻസിക് പരിശോധനയും നടത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.