ഡ്രോൺ ചിത്രീകരണത്തിന് നിരോധനം
തൃശൂർ: അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തുന്ന ബോൺ നതാലെ ഇന്ന് തൃശൂർ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളിൽ നിന്നായുള്ള 15,000 പാപ്പമാർ നഗരം നിറയും. ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോൺ നതാലെ നടത്തുന്നത്. ബോൺ നതാലെയോടനുബന്ധിച്ച് ഇന്ന് തൃശൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂർ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27ന് രാവിലെ എട്ട് മണി മുതൽ 28ന് രാവിലെ എട്ട് മണിവരെ തൃശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങൾ താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആർപിഎസ് പറഞ്ഞു. ഈ മേഖലകളിൽ ഡ്രോൺ കാമറകളുടെ ചിത്രീകരണം പൂർണമായും നിരോധിച്ചു.
ഡ്രോൺ കാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് 2021 ലെ ഡ്രോൺ റൂളിലെ റൂൾ 24(2) പ്രകാരം ഡ്രോൺ നിരോധനം ഏർപെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോൺ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂൾ പ്രകാരം ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് വ്യക്തമാക്കി.
ബോൺ നതാലെയിൽ 60 അടിയോളം നീളമുള്ള ചലിക്കുന്ന എൽഇഡി ഏദൻതോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങൾ തയ്യാറാക്കുന്ന 21 നിശ്ചലദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകർഷകമാക്കും. സെൻ്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിനാണ് നതാലെ ആരംഭിക്കുന്നത്.
