ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ 30 ന് രാത്രി 8 ന് ചേർന്ന അടിയന്തര ഓൺലൈൻ യോഗം ദുരന്ത നിവാരണത്തിന് മണ്ഡലാടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും ജനകീയമായി പ്രതിരോധിക്കാനും തീരുമാനിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് പകർച്ചവ്യാധി മുൻകൂട്ടി കണ്ട് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. കുത്തൊഴുക്കിൽ ഷട്ടറുകളിൽ അടിയുന്ന മരങ്ങളും മറ്റ് അവശിഷ്ടങ്ങളും വളരെ വലിയ ഭീഷണിയാണ്. അവ നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയെക്കുറിച്ച് ഉത്തരവ് നൽകണം. ദേശീയപാത നിർമ്മാണം മൂലമുണ്ടായിട്ടുള്ള വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണം.മൈക്ക് അനൗൺസ്മെൻ്റ് ഉൾപ്പെടെയുള്ള അറിയിപ്പുകൾ നൽകണം. അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി ദുരന്തനിവാരണ നിയമപ്രകാരം മുറിക്കാൻ കർശന നിർദ്ദേശം നൽകണം എന്നിങ്ങനെ അനവധി പ്രശ്നങ്ങൾ ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
ഡെപ്യൂട്ടി കളകടർമാർക്ക് താലൂക്ക് അടിസ്ഥാനത്തിലും ഇതര വകുപ്പ് മേധാവികൾക്ക് മണ്ഡലാടിസ്ഥാനത്തിലും ദുരന്ത നിവാരണത്തിൻ്റെ ഏകോപന ച്ചുമതല നൽകി ചുമതലപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അറിയിച്ചു. 31ന് വൈകിട്ട് ഏഴിന് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ദിനാന്ത്യ അവലോകന യോഗം ചേരാനും തീരുമാനിച്ചു. എം എൽ എ മാരായ എ.സി മൊയ്തീൻ, സി.സി.മുകുന്ദൻ, സനീഷ് കുമാർ ജോസഫ്, വി.ആർ.സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പളളി, ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ്. പ്രിൻസ് എന്നിവർ സംസാരിച്ചു. മണ്ഡലാടിസ്ഥാനത്തിൽ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേർന്ന് ജനകീയമായി മഴക്കെടുതിയെ നേരിടുന്നതിന് രൂപരേഖ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.