തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.
ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 63 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയുംn ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. മേഘാവൃതമായ ആകാശവും മൂടൽമഞ്ഞും ഹെലികോപ്റ്ററുകൾ എത്തുന്നതിന് തടസ്സമായതിനാൽ എയർ ലിഫ്റ്റിങ്ങിനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
നൂറിലേറെ പേർ മണ്ണിനടിയിൽ ദുരന്തത്തിൽ നൂറിലേറെ ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യം പൂർണതോതിൽ ഇതുവരെ ആരംഭിക്കാനായിട്ടില്ല. എൻഡിആർഎഫിൻ്റെ അഞ്ച് പേർ അടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിൽ എത്താനായത്.