എറണാകുളം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി പുതിയ വന്ദേ ഭാരത് റേക്ക് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഈ മാസം 31നാണ് ബെംഗളൂരുവിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ്. ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഇരുദിശയിലേക്കും വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആദ്യ യാത്രയുടെ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്.
എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് ബെംഗളൂരു ഉൾപ്പെടെ വെറും ഏഴ് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. ഉച്ചയ്ക്കാണ് സർവീസ് ആരംഭിക്കുന്നത്. രാത്രിയോടെ ബെംഗളൂരുവിലെത്തി പിറ്റേന്ന് രാവിലെ 05:30ന് യാത്ര ആരംഭിച്ച് ഉച്ചയോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.