ഈറ്റ് സ്ട്രീറ്റും ഒരുക്കും
തൃശൂർ എംഒ റോഡിൻ്റെ തുടക്കം മുതൽ ശക്തൻ തമ്പുരാന്റെ പ്രതിമവരെ (ശക്‌തൻ സ്ക്വയർ) നഗരത്തിലെ ആദ്യ മോഡൽ റോഡ് പൂർത്തീകരിക്കാനൊരുങ്ങി കോർപറേഷൻ. അപകടരഹിത സഞ്ചാരത്തിനായി റോഡിനു നടുവിൽ ഡിവൈഡറും നടപ്പാതയ്ക്ക് ഇരുവശത്തും ബാരിക്കേഡും സ്ഥാപിക്കും. ഇടയിലെ പ്രധാന റോഡുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഇടനാഴിയൊരുക്കും. സിഗ്നൽ സംവിധാനങ്ങളും സ്ഥാപിക്കും.
നടപ്പാതയിൽ വിശ്രമത്തിനായി ഇരിപ്പിടങ്ങളും ശക്തൻ നഗറിലെ പ്രദർശന മൈതാനം മുതൽ ഗോൾഡൻ ഫ്ലീ മാർക്കറ്റ് വരെയുള്ള നടപ്പാതയോടു ചേർന്ന് ഈറ്റ് സ്ട്രീറ്റും ഒരുക്കും. ആകാശപ്പാതയിൽനിന്ന് ഇക്കണ്ടവാരിയർ, വെളിയന്നൂർ റോഡിന്റെ വശങ്ങളിലേക്കും ഡിവൈഡർ നീട്ടും. സൗന്ദര്യവൽക്കരണത്തിനായി ബാരിക്കേഡുകളിൽ വിവിധ നിറത്തിൽ പുഷ്പിക്കുന്ന ബോഗെയ്ൻ വില്ല ചെടികൾ വച്ചുപിടിപ്പിക്കും. സ്വരാജ് റൗണ്ടിൽ ആദ്യഘട്ടമായി നാനൂറെണ്ണം വയ്ക്കും. പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്തെ രാമവർമ പാർക്ക് ബസ് സ്റ്റോപ്പിലെ ബാരിക്കേഡിൽ പരീക്ഷണാടിസ്‌ഥാനത്തിൽ ചെടികൾ പിടിപ്പിച്ചുതുടങ്ങി. പരസ്യം സ്ഥാപിക്കുന്നവർക്കാണു സംരക്ഷണച്ചുമതല. എം.ഒ റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചായിരിക്കും മോടിപിടിപ്പിക്കൽ.
എംഒ റോഡിൽനിന്ന് ശക്‌തനിലേക്കു വരുന്ന ബസുകൾ സ്‌റ്റാൻഡിലേക്കു അപകടകരമായി തിരിക്കുന്നതൊഴിവാക്കും. ബസുകൾ തിരിക്കുന്ന ഇടം ശക്‌തൻ സ്ക്വയർ വരെ നീട്ടും. ആകാശപ്പാത പൂർണമായി ശീതീകരിച്ച് ഓഗസ്‌റ്റ് ഒന്നിന് തുറക്കാനാണു ലക്ഷ്യം. ഓണത്തിരക്കിനു മുൻപ് ആളുകളെ പൂർണതോതിൽ അതിലേക്കു കയറ്റാനാവും എന്നാണു കോർപറേഷൻ കരുതുന്നത്. ആളുകൾക്ക് ആകാശപ്പാതയിൽ കയറാതെ റോഡ് മുറിച്ചുകടക്കാനാവില്ല എന്നുറപ്പാക്കും. അരലക്ഷംപേർ ശക്‌തൻ നഗറിൽ പ്രതിദിനം വന്നുപോകുന്നുണ്ടെന്നാണ് കോർപറേഷൻ നടത്തിയ സർവേയിൽ കണ്ടെത്തിയത്.