Saturday, October 12, 2024
HomeEntertainmentസിൽക്കിന്റെ തിളക്കത്തിനുമപ്പുറം സ്മിത ആരായിരുന്നു ?
spot_img

സിൽക്കിന്റെ തിളക്കത്തിനുമപ്പുറം സ്മിത ആരായിരുന്നു ?

മുപ്പത്തിയാറു വയസിൽ സ്വയം അവസാനിപ്പിക്കുമ്പോഴും എന്താകും സിൽക്‌സ്മിത സ്വന്തം പ്രേക്ഷകരോട് പറയാൻ ബാക്കിവെച്ചത്.
എന്നും ആരാധകരുടെ മനസില്‍ വശ്യമധുരമായ മന്ദസ്‍മിതത്തോടെയുള്ള നടി. അതാണ് സില്‍ക്ക് സ്‍മിത. പതിനാറു വര്‍ഷം മാത്രമുള്ള സിനിമ ജീവിതത്തില്‍ രാജ്യമൊട്ടാകെ പ്രശസ്‍തയായ നടിയായിരുന്നു സില്‍ക്ക് സ്‍മിത. വെള്ളിത്തിരയില്‍ ആടിയ മാദക നൃത്തങ്ങളായിരുന്നു അവരെ ആരാധകരിലേക്ക് അടുപ്പിച്ചത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് 1996 സെപ്റ്റംബര്‍ 23ന് അവര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.
ജീവിതത്തിന്റെ അരങ്ങിൽ നിന്ന് സ്വയം ഇറങ്ങിപ്പോയ സ്‍മിത വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഉള്ളിലെ വിങ്ങലാണ്. തന്റെ മുപ്പത്തിയാറാം വയസിൽ സിൽക്ക് സ്‍മിത ജീവിതം അവസാനിപ്പിച്ചു. തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപാട് ഹിറ്റുകൾക്ക് കാരണക്കാരിയായ സ്‍മിത എന്തിന് സ്വയം ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയി?


സിനിമയുടെ സൗന്ദര്യം, അതിന് പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ എല്ലായിപ്പോഴും കാണില്ലെന്നതാണ് അതിനുള്ള ഉത്തരം. 1960ൽ ആന്ധ്രയിലെ ഏലൂരിനടുത്ത തേവാലി ഗ്രാമത്തിൽ ജനിച്ച സില്‍ക്ക് സ്‍മിതയുടെ കഥ അതിന് ഏറ്റവും നല്ല ഉദാഹരണം. നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച സില്‍ക്ക് സ്‍മിത അകന്നൊരു ബന്ധുവിനൊപ്പമാണ് പതിനാറാം വയസിൽ ചെന്നൈയിലെത്തിയത്.

നടിമാരുടെ സഹായിയായും ടച്ചപ്പ് ഗേളായും സിനിമാ ലോകത്ത് പ്രവർത്തിച്ച് തുടങ്ങിയ അവൾ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ നടിയായി. അങ്ങനെയാണ് സ്‍മിത എന്ന പേര് സ്വന്തമാക്കുന്നതും.
വിനു ചക്രവര്‍ത്തിയുടെ വണ്ടിച്ചക്രമെന്ന ചിത്രത്തിലൂടെ പേര് സിൽക്ക് സ്‍മിതയെന്ന് പരിഷ്‍കരിക്കപ്പെട്ടു. പിന്നെ ആ പേര് പരിഷ്‍കാരത്തിനൊന്നും വിധേയമാകാതെ പതിഞ്ഞുപോകുകയാണ് ഉണ്ടായത്. അഥർവത്തിലെ പൊന്നി, സ്‍ഫടികത്തിലെ ലൈല. മലയാളവും സിൽക്കിന്റെ സൗന്ദര്യം പരമാവധി ഉപയോഗിച്ചു.
വണ്ടിചക്രത്തില്‍ വേഷമിടാന്‍ ഒരു നടിയെ തേടിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ചക്രവര്‍ത്തി പലപ്പോഴും ഓര്‍ത്തെടുത്തിട്ടുണ്ട്. ഓഡിഷന് വന്ന കൂട്ടത്തില്‍ അവളുമുണ്ടായിരുന്നു. വശ്യമായ കണ്ണുള്ള അവളെ അടുത്തു വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. നാട്ടില്‍ ഡാന്‍സ് പരിപാടി ചെയ്യുന്നുണ്ട്-അവള്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ അപാരമായൊരു ഭാവമായിരുന്നു അവള്‍ക്ക്. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പില്‍ക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ആ കണ്ണുകളാണ് അന്ന് സിനിമയിലേക്ക് അവളെ വഴിനടത്തിയതെന്നും ചക്രവര്‍ത്തി ഒരു അഭിമുഖത്തില്‍ ഓര്‍മിച്ചെടുക്കുന്നുണ്ട്.


എല്ലാവരും പറയുന്നതു പോലെ സില്‍ക്ക് എന്നായിരുന്നില്ല അവളുടെ പേര് സിലുക്ക് എന്നായിരുന്നു. തമിഴ് ചിത്രങ്ങളില്‍ തിളങ്ങിയ അവള്‍ മാദകറാണിയായി. സില്‍ക്കിന്റെ സാന്നിധ്യം അനിവാര്യമായ സിനിമകളുണ്ടായിരുന്നു. അവളുടെ പച്ചമാംസം മാത്രം ആവശ്യമായി മാറിയ സിനിമകളിലേക്ക് അവള്‍ എപ്പോഴാണ് എത്തിപ്പെട്ടതെന്നറിയില്ല. മരണം പോലും അവളോട് അലിവു കാട്ടിയില്ല. അവളുടെ മൃതശരീരത്തില്‍ അടിവസ്ത്രമണിയിച്ച് ചിത്രങ്ങള്‍ പുറത്തിറക്കി. സില്‍ക്കിന്റെ ഓര്‍മകളില്‍ ചക്രവര്‍ത്തിക്ക് പലപ്പോഴും പറയാനുണ്ടായിരുന്നത് ഇതായിരുന്നു.
മരണത്തിന് ശേഷവും എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്നത്. ഞാനും അവളും തമ്മിലുള്ള അണിയറ ബന്ധത്തിന്റെ കഥകളായിരുന്നുവെന്നും ചക്രവര്‍ത്തി പരിതപിക്കാറുണ്ടായിരുന്നു.
ഒരു ഘട്ടത്തില്‍ ഓരേ മുറിയില്‍ രണ്ടുപേരെയും പൂട്ടിയിട്ടാല്‍ എന്തു സംഭവിക്കും എന്നുവരെ ചോദ്യങ്ങളുയര്‍ന്നതായി ചക്രവര്‍ത്തി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സില്‍ക്ക് തനിക്ക് ആരായിരുന്നെന്ന് പലപ്പോഴും ചക്രവര്‍ത്തി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. നല്ലൊരു അധ്യാപകനായിരുന്നു താന്‍ അവള്‍ക്ക്. അടുത്ത ജന്മത്തില്‍ അവള്‍ എന്റെ മകളായി ജനിക്കാന്‍ കൊതിക്കുന്നു. സിനിമാ ലോകത്ത് സില്‍ക്കിനെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളായ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ വ്യക്തതയുണ്ടായിരുന്നു.

സില്‍ക്കിനെ അറിഞ്ഞവരില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സില്‍ക്കിന്റെ പിന്‍ഗാമി അനുരാധ. അവരായിരുന്നു അവസാന കാലത്ത് അവളുടെ എല്ലാം. മരണത്തിലേക്ക് നടന്നടുത്ത ദിവസം അനുരാധയെ വിളിച്ചതും വിഷമം പറയാനുണ്ടെന്ന് അറിയച്ചതുമെല്ലാം അഭിമുഖങ്ങളില്‍ അനുരാധ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി അവള്‍ വിളിച്ചപ്പോള്‍ കാണാന്‍ പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവള്‍ ഇന്നും ഉണ്ടാകുമായിരുന്നു എന്നും അനുരാധ പരിതപിക്കാറുണ്ട്. ആരു മനസിലാക്കാത്ത വിഷമങ്ങളില്‍ കൂടെയുണ്ടായിരുന്നു പലപ്പോഴും അന്ന് അതിന് സാധിച്ചില്ല. ആവശ്യമായ സമയങ്ങളില്‍ അവളെ തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്റെ മാത്രം പരാജയമാണെന്ന് അവര്‍ പശ്ചാത്തപിക്കാറുണ്ടായിരുന്നു.
ശരീര സൗന്ദര്യത്തിനൊപ്പം മികച്ചൊരു അഭിനേത്രിയും സ്‍മിതയിൽ ഉണ്ടായിരുന്നു. ഭാരതിരാജയുടെ അലൈകൾ ഓയ്‍വതില്ലൈ എന്ന സിനിമയിലെ പ്രകടനം ഇതിന് തെളിവാണ്. പക്ഷെ തന്റെ ശരീരത്തിലേക്ക് മാത്രം നോക്കാതെ അഭിനയത്തിലേക്കും നോക്കണമെന്ന സ്‍മിതയുടെ അപേക്ഷ ആരും കേൾക്കാതെ പോയി.


ഗ്ലാമർ വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ സ്‍മിതയുടെ മടക്കമാണ് പിന്നെ സിനിമാലോകം കണ്ടത്. അഭിനയത്തിൽ നിന്ന് നിർമ്മാണത്തിലേക്കുള്ള ചുവടുമാറ്റം നഷ്‍ടങ്ങളുടെ കണക്കിലേക്ക് അവരെ നയിച്ചു.
സ്‍മിതയെ ആരൊക്കെയോ മുതലെടുക്കുകയായിരുന്നുവെന്ന് പലകഥകൾ പറഞ്ഞുപരന്നു.
ആരെയും പേരെടുത്ത് അപമാനിക്കാതെ തിരിഞ്ഞുനടക്കുകയാണ് സ്‍മിത ചെയ്‍തത്. ജീവിതത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയപ്പൊഴും സ്‍മിത ആരെയും കുറ്റം പറഞ്ഞില്ല.
മോഹിപ്പിച്ചൊരു ശരീരം മാത്രമായല്ല, സിനിമയുടെ മായികതയിൽ മയങ്ങരുതെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായി സ്‍മിത ഇന്നും പ്രേക്ഷക മനസ്സിൽ നിറയുകയാണ്.


വര്ഷങ്ങള്ക്കു ശേഷം സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡിർട്ടി പിക്ചർ കോടികൾ വാരിക്കൂട്ടിയ ബോളിവുഡ് ചിത്രമായിരുന്നു .2011 ഡിസംബർ രണ്ടിന് സിൽക്കിന്റെ ജന്മദിനത്തിലാണ് ആ ചിത്രം പുറത്തിറങ്ങിയത് .രാശിയില്ലെന്ന പേരിൽ മലയാളം മാറ്റി നിർത്തിയ പാലക്കാട്കാരിയായ വിദ്യാബാലന്റെ താരോദയവും ഈ ചിത്രത്തിൽ നിന്നായിരുന്നു എന്നത് ഇരട്ടിസന്തോഷം .
സിൽക്‌സ്മിത ഒരു കാലത്തു മലയാളി യുവാക്കളുടെ രോമാഞ്ചറാണിയായിരുന്നു .സോഷ്യൽ മീഡിയയോ നവമാധ്യമങ്ങളോ അരങ്ങു വാഴാത്ത ആ കാലത്തു തന്റെ സിംഹാസനത്തിൽ സിൽക്ക് ഏറെക്കാലം വാണു,എതിരാളികൾ ഇല്ലാതെ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments